തിരുവനന്തപുരം:പുതിയ പദ്ധതികൾക്കായി സർക്കാർ സ്ഥലം ഏറ്റെടുക്കുമ്പോഴും എങ്ങുമെത്താതെ സംസ്ഥാനത്തെ ഗ്ലോബൽ ആയുർവേദ വില്ലേജ്. പ്രൊജക്‌ടിനായി തിരുവനന്തപുരം മംഗലപുരത്ത് സ്ഥലമേറ്റെടുത്തിട്ട് ഒരു പതിറ്റാണ്ടായെങ്കിലും പദ്ധതി നിലച്ചു. 200 കോടിയുടെ പദ്ധതിക്കായാണ് 2012ൽ മംഗലപുരം ഗ്രാമ പഞ്ചായത്തിലെ ഏഴര ഏക്കർ സ്ഥലം ഏറ്റെടുത്തത്.
ആദ്യ ഘട്ടത്തിൽ അനുവദിച്ച അഞ്ചു കോടിയിൽ ചുറ്റുമതിലും കമാനവും ഉയർന്നെങ്കിലും തുടർന്ന് മറ്റ് പുരോഗതിയുണ്ടായില്ല. അതേ സമയം ഈ പ്രദേശത്ത് സാമൂഹ്യ വിരുദ്ധരുടെയും ഇഴജന്തുക്കളുടെയും ശല്യത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ് സ്ഥലവാസികൾ. അടിയന്തരമായി ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.