തിരുവനന്തപുരം:തെരഞ്ഞെടുപ്പ് വരും പോകും. സർക്കാരുകൾ മാറി വരും. പക്ഷേ ഒരിക്കലും മാറാത്തതായി ഒന്നുണ്ട്. കർഷകന്‍റെ വേദനയും കണ്ണീരും. വേനലും മഴയും അടക്കം കാലം തെറ്റിയെത്തുന്ന വേനലും വരൾച്ചയും മഴയും പ്രളയവും എല്ലാം കൃഷിയെ ബാധിക്കും. വിത്തിറക്കി വിള കാത്തിരിക്കുന്നവന് പ്രകൃതി ക്ഷോഭങ്ങൾ മാത്രമല്ല, കാടിറങ്ങുന്ന വന്യമൃഗങ്ങളും ഭീഷണിയാണ്. കടം വാങ്ങിയും വായ്‌പയെടുത്തും കൃഷി ഇറക്കുന്നവന് താങ്ങാനാവുന്നതല്ല, കൃഷി നാശവും വിള നഷ്ടവും. നഷ്ടം സഹിച്ചും വീണ്ടും കൃഷിയിറക്കാൻ കർഷകന് പ്രേരണയാകുന്നത് സർക്കാർ നല്‍കുന്ന സഹായം മാത്രമാണ്. പക്ഷേ സഹായം എന്നത് പലപ്പോഴും വാഗ്‌ദാനത്തില്‍ മാത്രം ഒതുങ്ങും.
പച്ചക്കറികൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയുടെ കാര്യവും ഇങ്ങനെ തന്നെ. മരച്ചീനിയും നേന്ത്രക്കായയുമടക്കം പതിനേഴ് ഇനങ്ങൾക്കാണ് താങ്ങുവില പ്രഖ്യാപിച്ചിരിക്കുന്നത്. മാറിവരുന്ന സർക്കാരുകൾ പ്രഖ്യാപനങ്ങൾ നടത്താറുണ്ടെങ്കിലും ഇവയൊന്നും തങ്ങൾക്ക് പ്രയോജനപ്പെടുന്നില്ല എന്നാണ് കർഷകർ വേദനയോടെ ചൂണ്ടിക്കാട്ടുന്നത്.