തിരുവനന്തപുരം:ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മു വിജയം ഏതാണ്ട് ഉറപ്പിച്ച മട്ടാണെങ്കിലും കേരളത്തില്‍ നിന്ന് ദ്രൗപദിക്ക് ഒറ്റ വോട്ടും ലഭിക്കില്ല. കേരളത്തില്‍ സിപിഎം നയിക്കുന്ന ഇടതു മുന്നണിയും കോണ്‍ഗ്രസ് നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണിയുമാണ് നിയമസഭയിലും പാര്‍ലമെന്‍റിലുമെങ്കിലും ദേശീയ തലത്തില്‍ കോണ്‍ഗ്രസും ഇടതു പക്ഷവും പ്രതിപക്ഷത്താണ്.
ഈ പശ്ചാത്തലത്തില്‍ ജൂലൈ 18ന് നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഭരണമുന്നണിയും പ്രതിപക്ഷവും ഒറ്റക്കെട്ടായി യശ്വന്ത് സിന്‍ഹയ്ക്ക് വോട്ട് രേഖപ്പെടുത്തും. കേരളത്തില്‍ സിപിഎം നയിക്കുന്ന എല്‍ഡിഎഫിന് 99 എംഎല്‍എമാരും കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന് 41 എംഎല്‍എമാരുമാണുള്ളത്.
ലോക്‌സഭയിലെ 20 എംപിമാരില്‍ 19 പേര്‍ യുഡിഎഫും ഒരാള്‍ എല്‍ഡിഎഫുമാണ്. രാജ്യസഭയില്‍ കേരളത്തില്‍ നിന്ന് 9 എംഎല്‍എമാരാണുള്ളത്. ഇതില്‍ 7 പേര്‍ എല്‍ഡിഎഫും 2 പേര്‍ യുഡിഎഫും. അതായത് ആകെയുള്ള 29 എംപിമാരും വോട്ട് നല്‍കുന്നത് യശ്വന്ത് സിന്‍ഹയ്ക്ക്. കേരള നിയമസഭയില്‍ ബിജെപിക്കോ സഖ്യകക്ഷികള്‍ക്കോ അംഗങ്ങളില്ല.
2017ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കേരള നിയമസഭയില്‍ ബിജെപിക്ക് ഒരംഗം ഉണ്ടായിരുന്നതിനാല്‍ രാംനാഥ് കോവിന്ദിന് വോട്ടു ലഭിച്ചു. എന്നാല്‍ 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കേരള നിയമസഭയില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനായില്ല. കേരളത്തില്‍ നിന്നുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ രാജ്യസഭാംഗമാണെങ്കിലും അദ്ദേഹം മഹാരാഷ്ട്രയില്‍ നിന്നാണ് രാജ്യസഭയിലെത്തിയത്.
കേരളത്തില്‍ നിന്നുള്ള മറ്റൊരു രാജ്യസഭാംഗമായ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ രാജസ്ഥാനില്‍ നിന്നാണ് ഉപരിസഭയിലെത്തിയത്. കേരളം ഒഴികെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്ത് നിന്നും ഭരണ പക്ഷത്തിന്‍റെയോ പ്രതിപക്ഷത്തിന്‍റെയോ രാഷ്ട്രപതി സ്ഥാനാര്‍ഥിക്ക് മുഴുവന്‍ വോട്ടും ലഭിക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.