തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരായ ആരോപണം ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിപക്ഷം സഭ വിടുന്നത്. പ്രതിപക്ഷത്തിന്‍റെ സഭ ബഹിഷ്‌കരണം മുൻകൂട്ടി നിശ്ചയിച്ചതെന്ന് ഭരണപക്ഷം ആരോപിച്ചു.
സഭ സമ്മേളനം ആരംഭിച്ച് ചോദ്യോത്തരവേള തുടങ്ങുമ്പോൾ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നു. ഡോളർ കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട ബാനറുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്.
വിഷയം ഉന്നയിച്ച് ഇന്നലെ സഭയിൽ നൽകിയ അടിയന്തര പ്രമേയത്തിന് നോട്ടീസ് അനുവദിക്കാത്ത സ്‌പീക്കറുടെ നടപടി ചരിത്രത്തെ തിരുത്തുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. കോടതി വിധി വരുന്നതുവരെ ഒരു വിഷയവും ചർച്ച ചെയ്യാൻ കഴിയാത്ത അവസ്ഥ ആക്കുകയാണ്. ആരോപണം ഉയരുമ്പോൾ മറുപടി പറയാതെ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ജനങ്ങൾക്കിടയിൽ സംശയമുണ്ടാക്കുമെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.