തിരുവനന്തപുരം : സേനയ്ക്ക് പുതിയ മാർഗ നിർദേശങ്ങളുമായി സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. വനിതകൾക്കെതിരെയുള്ള അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ ലഭിച്ചാൽ ഉടൻ നടപടികൾ സ്വീകരിക്കണം. ഇരകളാകുന്നവരുടെ സുരക്ഷയും ഉറപ്പാക്കണം. സ്റ്റേഷൻ ഹൗസ് ഓഫിസർ തന്നെ പരാതികൾ കൈകാര്യം ചെയ്യണം.
പൊലീസ് സ്റ്റേഷനുകളിൽ എത്തുന്നവരുടെ പരാതികൾ ഇൻസ്പെക്ടർ തന്നെ നേരിട്ട് കേൾക്കണം. ഗൗരവമുള്ള പരാതികളിൽ അടിയന്തരമായി എഫ്‌ഐആർ രജിസ്റ്റർ ചെയ്യണം. പിടികൂടി സ്റ്റേഷനിൽ കൊണ്ടുവരുന്നവർ മദ്യമോ ലഹരി വസ്തുക്കളോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അവരെ ഉടൻ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കണം.
ജാമ്യം ലഭിക്കാത്ത കേസുകളിൽ അറസ്റ്റിലാകുന്നവരുടെ വൈദ്യ പരിശോധന പൂർത്തിയാക്കി നിശ്ചിത സമയത്തിനകം കോടതിയിൽ ഹാജരാക്കുന്നുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർമാർ ഉറപ്പാക്കണം. കുറ്റവാളികളെ നിയമവിരുദ്ധമായി തടഞ്ഞുവച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും ഡിജിപി സർക്കുലറിൽ വ്യക്തമാക്കുന്നു.