തിരുവനന്തപുരം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അനുശോചിച്ചു. കേരളത്തിന്റെ പൊതുവികസനത്തില്‍ ക്രിയാത്മക നിലപാടുണ്ടായിരുന്ന ഉന്നത രാഷ്ട്രീയ നേതാവായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് അദ്ദേഹം അനുസ്മരിച്ചു.
രാഷ്ട്രീയ നേതാവായിരിക്കുമ്പോള് തന്നെ ആത്മീയ നോതാവുമായിരുന്നു അദ്ദേഹം. അനേകം മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും അനാഥ മന്ദിരങ്ങളുടേയും സാരഥിയെന്ന നിലയില്‍ വലിയൊരു വിഭാഗം അവരുടെ ആശ്രയമായാണ് തങ്ങളെ കണ്ടിരുന്നത്. ന്യൂനപക്ഷ മതത്തിന്റെ പേരിലെ രാഷ്ട്രീയ കക്ഷിയുടെ തലവനായിരുന്നിട്ടും സംസ്ഥാനത്ത് മതസൗഹാര്‍ദത്തിന് വേണ്ടി പൊതുവില്‍ നിലകൊണ്ടു.