കേരളം

kerala

ETV Bharat / city

പൊന്നാനി ഒഴികെ 15 മണ്ഡലങ്ങളിലും സിപിഎം സ്ഥാനാർത്ഥികളായി: പ്രഖ്യാപനം നാളെ

പി.വി. അൻവർ എംഎൽഎയെ പൊന്നാനിയിൽ മത്സരിപ്പിക്കുന്നതിന് പ്രാദേശിക നേതൃത്വം എതിർപ്പ് ഉയർത്തിയതാണ് മണ്ഡലത്തിന്‍റെ കാര്യത്തിൽ തീരുമാനമാകാതിരിക്കാന്‍ കാരണം.

ഫയൽ ചിത്രം

By

Published : Mar 8, 2019, 8:58 PM IST

പൊന്നാനി ഒഴികെയുള്ള 15 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ നിശ്ചയിച്ച് സിപിഎം സംസ്ഥാന സമിതി. പൊന്നാനിയിൽ പി.വി. അൻവർ എംഎൽഎയെ മത്സരിപ്പിക്കുന്നതിനെതിരെ പ്രാദേശിക പാർട്ടി നേതൃത്വം എതിർപ്പ് ഉയർത്തിയ സാഹചര്യത്തിലാണ് പുതിയ സ്ഥാനാർത്ഥിക്കായി സിപിഎം അന്വേഷണം തുടങ്ങിയത്. പത്തനംതിട്ടയിൽ വീണാ ജോർജ്ജ്, കോഴിക്കോട് പ്രദീപ് കുമാര്‍, കാസർകോട് കെ.പി. സതീഷ് ചന്ദ്രൻ എന്നിവര്‍ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചു.


ഇന്ന് രാവിലെ ഒമ്പതിന് ആരംഭിച്ച സെക്രട്ടറിയേറ്റ് യോഗവും തുടർന്ന് സിപിഎം സംസ്ഥാന സമിതി യോഗവും വിശദമായി ചർച്ച ചെയ്താണ് 15 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചത്. പി. കരുണാകരൻ ഒഴികെയുള്ള സിറ്റിംഗ് എംപിമാർക്ക് മത്സരിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പച്ചക്കൊടി കാട്ടിയിരുന്നു. ചാലക്കുടിയിൽ ഇന്നസെന്‍റിന്‍റെ കാര്യത്തിൽ പ്രാദേശിക പാർട്ടി നേതൃത്വം എതിർപ്പുയർത്തിയിരുന്നെങ്കിലും സിറ്റിംഗ് എംപി എന്ന നിലയിൽ ഒരു തവണകൂടി മത്സരിക്കട്ടെയെന്നായിരുന്നു സംസ്ഥാന നേതൃയോഗത്തിന്‍റെ തീരുമാനം.

ഇന്ന് പ്രധാനമായും കഴിഞ്ഞ തവണ പരാജയപ്പെട്ട മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ കാര്യമാണ് ചർച്ചചെയ്തത്. കോഴിക്കോട് എ. പ്രദീപ് കുമാർ, പത്തനംതിട്ടയില്‍ വീണ ജോർജ്, ആലപ്പുഴയില്‍ എ എം ആരിഫ് എന്നീ സിറ്റിങ് എംഎൽഎ മാരുടെ കാര്യം അതിവേഗം തീർപ്പാക്കി. കൊല്ലത്ത് കെ.എൻ. ബാലഗോപാൽ, കോട്ടയത്ത് വി.എൻ. വാസവൻ, എറണാകുളത്ത്പി. രാജീവ് , മലപ്പുറത്ത്വിപി സാനു, കാസർകോട് കെ. പി. സതീഷ് ചന്ദ്രൻ, വടകരയിൽ പി. ജയരാജൻ, കാസർകോട് കെ. പി. സതീഷ് ചന്ദ്രന്‍എന്നിവരെ സ്ഥാനാർത്ഥിയാക്കാൻ യോഗം തീരുമാനിച്ചു.

എന്നാൽ വിജയ സാധ്യത കണക്കിലെടുത്ത് പൊന്നാനിയിൽ പി.വി. അൻവറിന് പകരം മറ്റാരെങ്കിലും മത്സരിക്കുന്നതായിരിക്കും ഉചിതമെന്ന് മലപ്പുറം ജില്ലാ നേതൃത്വം അറിയിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് പി.വി. അൻവറിനെ സ്ഥാനാർത്ഥിയാക്കേണ്ടതില്ലെന്ന് സംസ്ഥാന സമിതിയും സെക്രട്ടറിയേറ്റും തീരുമാനമെടുത്തത്. നാളെ പൊന്നാനി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ തീരുമാനമുണ്ടായേക്കും. നാളത്തെ ഇടതുമുന്നണി യോഗംകഴിയുന്നതോടെ സിപിഎം സ്ഥാനാർഥികളുടെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ആകും.


ABOUT THE AUTHOR

...view details