തിരുവനന്തപുരം: 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷനായി പ്രത്യേക കര്‍മ പദ്ധതി തയ്യാറാക്കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. തിങ്കളാഴ്‌ച മുതലാണ് കുട്ടികള്‍ക്കുള്ള കുത്തിവയ്‌പ്പ് ആരംഭിക്കുന്നത്. വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. വാക്‌സിന്‍ ലഭ്യതയനുസരിച്ച് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി അറിയിച്ചു.
കുട്ടികള്‍ക്ക് കൊവാക്‌സിന്‍ മാത്രമാണ് നല്‍കുന്നത്. ജനുവരി 10 വരെ ഞായര്‍ ഉള്‍പ്പടെയുള്ള 4 ദിവസങ്ങളില്‍ ജനറല്‍ ആശുപത്രികള്‍, ജില്ല ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററുകള്‍ എന്നിവിടങ്ങളില്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ലഭ്യമായിരിക്കും. ബുധനാഴ്‌ച വാക്‌സിനേഷന്‍ ഉണ്ടായിരിക്കില്ല. കുട്ടികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പെട്ടെന്ന് തിരിച്ചറിയാനായി പിങ്ക് നിറത്തിലുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കും.