തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനാഫലം വൈകുന്നത് രോഗവ്യാപന പ്രതിരോധ പ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നു. 48 മണിക്കൂർ മുതൽ നാല് ദിവസം വൈകിയാണ് പരിശോധനയുടെ ഫലം ലഭിക്കുന്നത്. സംസ്ഥാനത്ത് രോഗ പരിശോധന ഫലം പോസിറ്റീവായതിന് ശേഷമാണ് കൊവിഡ് ബാധിച്ച ആളുടെ സമ്പർക്ക പട്ടിക തയ്യാറാക്കുന്നത്. നിരീക്ഷണത്തിൽ കഴിയുന്നവരാണെങ്കിൽ ഈ രീതിയിൽ അപകടം കുറവാണ്. എന്നാൽ സംസ്ഥാനത്ത് ഇപ്പോൾ രോഗലക്ഷണങ്ങളില്ലാതെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. ഈ അവസരത്തിൽ ഇത്തരത്തിൽ പരിശോധന ഫലം വൈകുന്നത് രോഗികളുമായി സമ്പർക്കത്തിലാകുന്നവരുടെ എണ്ണം ക്രമാതീതമായി വർധിപ്പിക്കും. ഇവരിൽ പലരും രോഗികളാവുകയും ചെയ്യും.
പരിശോധനാഫലം വൈകുന്നു; സംസ്ഥാനത്ത് സമ്പര്‍ക്ക രോഗികള്‍ പെരുകുന്നു - കൊവിഡ് വാര്‍ത്തകള്‍
പരിശോധനയ്ക്ക് വിധേയമാക്കുന്ന ആളുകളെ പരിശോധനാഫലം ലഭിക്കുന്നതുവരെ നിരീക്ഷണത്തിലാക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കപ്പെടുന്നില്ല.
സംസ്ഥാനത്തെ രോഗപരിശോധന വർധിപ്പിച്ചിട്ടുണ്ട്. പതിനയ്യായിരത്തിലധികം ആണ് ഓരോ ദിവസവും സംസ്ഥാനത്ത് നടക്കുന്ന ടെസ്റ്റിങ്. ഇതിൽ 5000 മുതൽ ആറായിരത്തോളം പരിശോധനാഫലം വീതമാണ് വൈകുന്നത്. ഇന്നലെ വരെയുള്ള കണക്ക് നോക്കിയാൽ 567 278 പരിശോധന നടത്തിയ സംസ്ഥാനത്ത് 7410 പരിശോധന ഫലം ഇനിയും ലഭിക്കാനുണ്ട്. മുൻഗണനാ വിഭാഗത്തിൽ 100942 പരിശോധന നടത്തിയപ്പോൾ 4398 ഫലങ്ങൾ ഇനിയും ലഭിക്കണം. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇത് വെല്ലുവിളിയാണ്. കുറച്ച് ദിവസങ്ങൾ മാത്രമേയായിട്ടുള്ളൂ പരിശോധനകളുടെ എണ്ണം സംസ്ഥാനം വർധിപ്പിച്ചിട്ട്. രോഗപരിശോധന വർധിപ്പിച്ചെങ്കിലും ലാബുകളുടെ സൗകര്യം വർധിപ്പിക്കാത്തതാണ് ഇത്തരമൊരു വെല്ലുവിളിക്ക് പ്രധാനകാരണം. ഇതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു എന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന വിശദീകരണം. പരിശോധന ലാബുകളുടെ എണ്ണവും വർധിപ്പിക്കും. നിലവിൽ 53 ലാബുകളാണ് കൊവിഡ് പരിശോധന നടത്തുന്നത്. അതിൽ 27 സർക്കാർ ലാബുകളും മറ്റുള്ളവ സ്വകാര്യ ലാബുകളുമാണ്.
പരിശോധനയ്ക്ക് വിധേയമാക്കുന്ന ആളുകളെ പരിശോധനാഫലം ലഭിക്കുന്നതുവരെ നിരീക്ഷണത്തിലാക്കുന്നത് അടക്കമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കപ്പെടുന്നില്ല. ഇത് രോഗവ്യാപനം വർധിപ്പിക്കും. കഴിഞ്ഞ ദിവസങ്ങളിൽ തിരുവനന്തപുരത്ത് രോഗബാധയുണ്ടായ രണ്ട് പൊലീസുകാരും പരിശോധനാഫലം വരുമ്പോഴും ഡ്യൂട്ടിയിൽ ആയിരുന്നു. ഇവരിൽ നിന്ന് രണ്ട് പൊലീസുകാർക്ക് രോഗം സമ്പർക്കത്തിലൂടെ ബാധിക്കുകയും ചെയ്തു. മൂന്നു ദിവസം മുന്നേ നൽകിയ പരിശോധന സാമ്പിളിന്‍റെ ഫലമാണ് അന്ന് ലഭിച്ചത്. ഇത്തരത്തിൽ പതിയിരിക്കുന്നത് വലിയൊരു അപകടമാണ്. ലാബുകളുടെ സൗകര്യം വർധിപ്പിക്കുന്നതിനൊപ്പം വേഗത്തിൽ ഫലം ലഭിക്കുന്ന ആന്‍റിജൻ പരിശോധനകൾ വ്യാപകമാകുകയാണ് ഈ പ്രതിസന്ധി നേരിടുന്നതിനുള്ള മാർഗമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.