തിരുവനന്തപുരം:തലസ്ഥാനത്തെ തീരമേഖലയായ അടിമലത്തുറയില്‍ രോഗവ്യാപനം കുറയുന്നു. ഇന്ന് നടത്തിയ പരിശോധനയില്‍ ആറ് പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. ഇതില്‍ നാലുപേര്‍ പുരുഷന്‍മാരും രണ്ട് പേര്‍ സ്ത്രീകളുമാണ്. ഇവരെ പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മുപ്പത്തിയെട്ടുപേരിലാണ് ഇന്ന് ആന്‍റിജന്‍ പരിശോധന നടത്തിയത്. ഇതുവരെ അടിമലത്തുറയില്‍ 113 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തീരമേഖലയില്‍ രോഗം സ്ഥിരീകരിച്ചതോടെ അടിമലത്തുറയിലുള്ള മൂന്ന് പേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. തുടര്‍ന്നാണ് ഇവിടെ ആന്‍റിജന്‍ പരിശോധ വ്യാപകമാക്കിയത്.
അടിമലത്തുറയില്‍ കൊവിഡ് വ്യാപനം കുറയുന്നു
ആറ് പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ പോസിറ്റീവ് കേസുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ കുറവാണ്
ഏഴ് ഘട്ടങ്ങളിലായി ഇവിടെ പരിശോധന നടന്നു. ഓഗസ്റ്റ് 19ന് ഇവിടെ 45 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 21ന് നടന്ന പരിശോധനയില്‍ 36 പേര്‍ വിധേയരായപ്പോള്‍ 30 പേരാണ് പോസിറ്റീവായത്. ഇതോടെയാണ് അടിമലത്തുറ ആശങ്കാ മേഖലയായി മാറിയത്. ഓഗസ്റ്റ് 24ന് 50 പേരില്‍ പരിശോധന നടത്തിയപ്പോള്‍ 24പേരും 25ന് 38 പേരില്‍ പരിശോധന നടത്തിയപ്പോള്‍ 20 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 27ന് 39 പേരില്‍ നടത്തിയ പരിശോധനയില്‍ 18 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. അടിമലത്തുറയടക്കമുള്ള മേഖലകളില്‍ ജനങ്ങള്‍ പരിശോധനയ്ക്ക് വിമുഖത കാട്ടിയിരുന്നു. ഇതേതുടര്‍ന്ന് സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ആളുകളെ പരിശോധയ്ക്ക് എത്തിച്ചത്. തീരമേഖയില്‍ നിന്ന് ഇന്ന് ലഭിക്കുന്ന റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് ആശ്വാസം നല്‍കുന്നതാണ്. ലാര്‍ജ് ക്ലസ്റ്ററായി പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരത്തെ തീരമേഖല ഇപ്പോള്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിലാണ്.