കേരളം

kerala

ETV Bharat / city

ഒരു പാട് പട്ടിണി കിടന്നു, ഇനി പഠിക്കണം.. ജീവിക്കണം.. മൂന്ന് ജീവനുകൾക്ക് പറയാനുള്ളത് - Grandmothers dependent on orphans

അതിജീവനത്തിന്‍റെ വലിയ കഥകൾക്കിടയില്‍ ചുറ്റുമുള്ള മനുഷ്യർ കണ്ടില്ലെന്ന് നടിച്ച മൂന്ന് ജീവനുകളുടെ നെട്ടോട്ടത്തിന്‍റെ കഥ. പുഞ്ചക്കരിയിലെ അമ്മൂമ്മ സുധയും ചെറുമക്കളും.

covid 19 survival stories orphaned siblings in trivandrum punjakkari fish sale
മൂന്ന് ജീവനുകൾക്ക് പറയാനുള്ളത്

By

Published : Jun 29, 2021, 5:39 PM IST

Updated : Jun 29, 2021, 10:25 PM IST

തിരുവനന്തപുരം: സമയം രാവിലെ ഏഴ് മണി, സ്ഥലം തിരുവനന്തപുരം ജില്ലയിലെ പുഞ്ചക്കരി ജംങ്‌ഷൻ. സൈക്കിളും അതില്‍ വലിയ അലൂമിനിയം പാത്രവുമായി പന്ത്രണ്ടുവയസുകാരൻ. അവനെ തേടി വരുന്നത്, പ്രായം തളർത്താത്ത മനസുള്ള ഒരമ്മ, അവർ കൊണ്ടുവന്ന മീൻ അവൻ അലൂമിനിയം പാത്രത്തിലേക്ക് മാറ്റുകയാണ്. ജീവിതം അത്രമേല്‍ കഠിനവും വേദന നിറഞ്ഞതുമാകുന്നത് സ്വന്തം കുറ്റം കൊണ്ടു മാത്രമല്ലെന്ന് അവനറിയാം.

അവരുടെ ഒരു ദിവസം തുടങ്ങുകയാണ്

പൂന്തുറ സെന്‍റ് ഫിലോമിനാസ് കോണ്‍വെന്‍റിലെ എട്ടാം ക്‌ളാസുകാരിയായ അമൃതയ്ക്ക് രണ്ടര വയസുള്ളപ്പോഴാണ് ഒന്നര വയസുള്ള സഹോദരൻ അഭിജിത്തിനെയും അവളെയും അങ്കണവാടിയില്‍ ഉപേക്ഷിച്ച് അച്ഛനും അമ്മയും പോയത്. പക്ഷേ അമ്മൂമ്മ സുധയ്ക്ക് അതിനു കഴിയുമായിരുന്നില്ല.

ഒരു നേരത്തെ ഭക്ഷണമായിരുന്നു അന്നത്തെ ഏറ്റവും വലിയ ആവശ്യം. ബന്ധുക്കളും നാട്ടുകാരും കണ്ടില്ലെന്ന് നടിച്ചു. പലയിടത്തും ഭിക്ഷ തേടി. കുഞ്ഞുങ്ങൾക്ക് വേണ്ടി അറിയാവുന്ന ജോലികളെല്ലാം ചെയ്തു. ചായക്കട നടത്തി ജീവിതം മുന്നോട്ടുപോകുന്നതിനിടെ മഹാമാരിയായി കൊവിഡെത്തി. അങ്ങനെയാണ് മീന്‍ വില്‍പ്പനയിലേക്ക് തിരിയുന്നത്.

അവർക്ക് അമ്മയും അച്ഛനും എല്ലാമെല്ലാമാണ് സുധ

എന്‍റെ മക്കള്‍ ഒരുപാട് പട്ടിണി കിടന്നിട്ടുണ്ട്, സുധ ഇത് പറയുമ്പോൾ കണ്ണീരൊഴുകി തീർന്ന ആ മുഖത്ത് വിഷമമല്ല, ഇനിയും ജീവിക്കാനുള്ള ആഗ്രഹമാണ്. 15 കൊല്ലമായി വാടക വീട്ടിലാണ് താമസിക്കുന്നത്. കയറി കിടക്കാന്‍ അടച്ചുറപ്പുള്ള ഒരു വീടില്ല. മക്കളെ പൊന്നുപോലെ നോക്കണം. അവര്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്...

ഒരു പാട് പട്ടിണി കിടന്നു, ഇനി പഠിക്കണം.. ജീവിക്കണം.. മൂന്ന് ജീവനുകൾക്ക് പറയാനുള്ളത്

ഈ ലോകത്തെക്കാളിഷ്‌ടമാണ് ഈ അമ്മയെ.. അഭിജിത്ത് പറയുമ്പോൾ, ആ വാക്കുകളിലുണ്ട് എല്ലാം.. അമ്മയും അച്ഛനും ഇല്ല എന്ന് ഇതുവരെ തോന്നിയിട്ടില്ല. ഞങ്ങൾ അത്രത്തോളം കഷ്ടപ്പെട്ടിട്ടുണ്ട്. മീന്‍ വില്‍ക്കാൻ പോകുന്നത് പോലും അമ്മയ്ക്ക് ഒപ്പം എപ്പോഴും വേണമെന്ന ആഗ്രഹം കൊണ്ടാണ്. പഠിച്ച് വലുതായി പൊലീസാവണം. എന്നിട്ട് എല്ലാവരെയും സംരക്ഷിക്കണം.. പട്ടം സെന്‍റ് മേരീസിലെ ഏഴാം ക്‌ളാസ് വിദ്യാര്‍ഥിയാണ് അഭിജിത്ത്.

ഓര്‍മ്മവച്ച കാലം മുതല്‍ അമ്മൂമ്മയുടെ കഷ്ടപ്പാടുകള്‍ കണ്ടാണ് വളര്‍ന്നത്. അച്ഛനും അമ്മയും ഉപേക്ഷിച്ച് പോയതോര്‍ത്ത് ഒരിക്കല്‍ പോലും കരഞ്ഞിട്ടില്ല. പിന്നെയുള്ള സങ്കടം അമ്മ സുധയെ ഓര്‍ത്താണ്. കയറിക്കിടക്കാന്‍ സ്വന്തമായൊരു വീടില്ല. പറയാവുന്നിടത്തെല്ലാം പറഞ്ഞിട്ടും ഒന്നും നടന്നില്ല. ജീവിതത്തിലെ വലിയ ആഗ്രഹം എന്തെന്ന് ചോദിച്ചാല്‍ അമൃത പറയും കലക്ടറാകണമെന്ന്. അതിന് കാരണവുമുണ്ട്. തങ്ങളെ പോലെ കഷ്ടപ്പെടുന്ന ഓരോരുത്തരെയും തിരിഞ്ഞ് കണ്ടുപിടിച്ച് സഹായിക്കണം. ഈ ലോകത്തെ അത്രമേല്‍ സ്നേഹിക്കുന്നവർ ചുരുക്കമാകും.

read more:പൂവിട്ട് പൂജിക്കാം എന്നല്ല പൂവിട്ട് മീൻ കറിവെയ്ക്കാം, പൂവ് കാണാം പോകാം രാജകുമാരിയിലേക്ക്

അര്‍ബുദ രോഗിയായ സുധയ്ക്ക് വലിയ ആഗ്രഹങ്ങളില്ല. അടച്ചുറപ്പുള്ള ഒരു വീട്. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം. അത്ര തന്നെ. ആരോഗ്യമുള്ളിടത്തോളം അമൃതയ്ക്കും അഭിജിത്തിനും താങ്ങും തണലും കാവലുമായി സുധയുണ്ടാകും. അതൊരുറപ്പാണ്... ലോകം മുഴുവൻ അവഗണിച്ചപ്പോഴും ഈ കുട്ടികൾക്കായി ജീവിച്ച സ്ത്രീ മറ്റെന്ത് പറയാൻ. കേട്ട് മടങ്ങുമ്പോൾ കണ്ണ് നനയണം. കാരണം അതിജീവനത്തിന്‍റെ വലിയ കഥകൾക്കിടയില്‍ ചുറ്റുമുള്ള മനുഷ്യർ കണ്ടില്ലെന്ന് നടിച്ച മൂന്ന് ജീവനുകളുടെ നെട്ടോട്ടമാണിത്.

Last Updated : Jun 29, 2021, 10:25 PM IST

ABOUT THE AUTHOR

...view details