തിരുവനന്തപുരം: മാലിന്യമെന്നെല്ലാമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പരിഹാസം പുച്ഛിച്ചുതള്ളി നേതാക്കള്‍ സിപിഎമ്മിലേക്ക് ചേക്കേറുന്നതില്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ആശങ്കയില്‍. പാര്‍ട്ടി വിടുന്നവര്‍ ബിജെപിയെലുത്തുന്നില്ലെന്നുള്ളത് മാത്രമാണ് ആശ്വാസം. എന്നാല്‍ ആശങ്കപ്പെടാന്‍ ഏറെയുണ്ടുതാനും.
ഒരു എംഎല്‍എ യുഡിഎഫ് വിടുന്നു ?
അസംതൃപ്‌തരായ ഒരു ഡസനിലേറെ നേതാക്കള്‍ സിപിഎമ്മില്‍ ചേരാന്‍ ശ്രമിക്കുന്നുവെന്നാണ് വിവരം. ഒരു യുഡിഎഫ് എംഎല്‍എയും എല്‍ഡിഎഫിനൊപ്പം ചേരാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായി അഭ്യൂഹമുണ്ട്. മധ്യകേരളത്തില്‍ നിന്നുള്ള ഈ എംഎല്‍എയെ എല്‍ഡിഎഫിലെത്തിക്കാന്‍ സിപിഎം തിരക്കിട്ട നീക്കങ്ങള്‍ ആരംഭിച്ചു.
സംസ്ഥാന മന്ത്രിസഭയിലെ ഒരു മന്ത്രിയാണ് ചര്‍ച്ചകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്നാണ് സൂചന. ഈ എംഎല്‍എയെ എത്തിച്ച് എല്‍ഡിഎഫിന്‍റെ അംഗബലം 100ലെത്തിക്കുന്നതോടെ കോണ്‍ഗ്രസ് അണികളെ മാത്രമല്ല, യുഡിഎഫിനെക്കൂടി ഞെട്ടിക്കാനാണ് സിപിഎം തയ്യാറെടുക്കുന്നത്.
ഉടനടി കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്താന്‍ തക്കം പാര്‍ത്തിരിക്കുന്നവരില്‍ ഒരു മുന്‍ കോണ്‍ഗ്രസ് ലോക്‌സഭാംഗവുമുണ്ടെന്നാണ് വിവരം. ഇക്കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതൃത്വവും മനസിലാക്കിവരുന്നുണ്ടെങ്കിലും സിപിഎം ഇക്കാര്യത്തില്‍ നടത്തുന്ന രഹസ്യ നീക്കങ്ങളില്‍ നേതൃത്വം ആശങ്കയിലാണ്.
ദേശീയ തലത്തിലും സംസ്ഥാന തലത്തിലും കോണ്‍ഗ്രസ് തകര്‍ന്നെന്ന് വരുത്തി അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള അടിത്തറയാണ് സിപിഎം അണിയറയില്‍ ഒരുക്കുന്നത്. കഴിഞ്ഞ തവണത്തെ ദയനീയ തോല്‍വിയില്‍ നിന്ന് ലോക്‌സഭയില്‍ അംഗബലം വര്‍ധിപ്പിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ കേരളം മാത്രമാണുള്ളതെന്ന തിരിച്ചറിവില്‍ നിന്നുകൂടിയാണ് ഈ അണിയറ നീക്കങ്ങള്‍.