തിരുവനന്തപുരം:കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ പരാതി 15ാം നിയമസഭ എത്തിക്‌സ് കമ്മറ്റിക്ക് കൈമാറിയ സ്‌പീക്കര്‍ എം.ബി.രാജേഷിന്‍റെ നടപടി പുനപരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല. കഴിഞ്ഞ നിയമസഭയില്‍ അംഗമായിരുന്ന ജയിംസ് മാത്യുവിന്‍റെ പരാതിയാണ് സ്പീക്കര്‍ പുതിയ കമ്മിറ്റിക്ക് കൈമാറിയത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയില്‍ നല്‍കിയ ഉറപ്പ് പാലിക്കുന്നതില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ ഇടപെടല്‍ വീഴ്‌ചയ്ക്ക് കാരണമായി എന്നായിരുന്നു പരാതിയില്‍ ആരോപിച്ചിരുന്നത്.
അന്നത്തെ സ്പീക്കര്‍ പി.ശ്രീരാമകൃഷ്‌ണനായിരുന്നു ജയിംസ് മാത്യു പരാതി നല്‍കിയത്. പരാതി പ്രിവിലേജസ് & എത്തിക്‌സ് കമ്മിറ്റിക്ക് അന്ന് കൈമാറുകയും ചെയ്‌തു. എത്തിക്‌സ് കമ്മfറ്റി പരാതി പരിഗണിച്ചെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് നിയമസഭയുടെ കാലാവധി കഴിയുകയായിരുന്നു.
മുന്‍ നിയമസഭ പ്രിവിലേജസ് & എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയച്ചിരുന്നതും കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാതിരുന്നതുമായ കേസുകളില്‍നിന്നും കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ രണ്ട് കേസുകള്‍ മാത്രമാണ് പുതിയ കമ്മിറ്റിക്ക് കൈമാറാന്‍ നിലവിലെ സ്‌പീക്കര്‍ എം.ബി.രാജേഷ് തീരുമാനിച്ചത്. ഈ തീരുമാനത്തിനെതിരെയാണ് രമേശ് ചെന്നിത്തല സ്‌പീക്കര്‍ക്ക് കത്ത് നല്‍കിയത്.
പുതിയ സഭയുടെ പ്രിവിലേജസ് & എത്തിക്‌സ് കമ്മിറ്റിക്ക് വീണ്ടും പരിശോധിക്കാന്‍ അനുമതി നല്‍കിയ തീരുമാനം ഒട്ടും യുക്തിക്കു നിരക്കുന്നതല്ലെന്നും രമേശ് ചെന്നിത്തല സ്‌പീക്കര്‍ക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി. സ്‌പീക്കറുടെ നടപടി, സുപ്രീം കോടതി വിധിയുടെയും, പാര്‍ലമെന്‍ററി നടപടി ക്രമങ്ങളുടെയും, കീഴ്വഴക്കങ്ങളുടെയും നിലവിലുളള നിയമസഭ ചട്ടങ്ങളുടെയും വെളിച്ചത്തില്‍ ക്രമപ്രകാരമുള്ളതാണോ എന്ന് പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ALSO READ:Accident Viral Video: ' ലേശം സ്‌പീഡ് കൂടിപ്പോയി, നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ'... തുണിക്കടയിലേക്ക് ഇടിച്ചുകയറിയ ബൈക്ക് യാത്രക്കാരന്‍റെ ദൃശ്യം