തിരുവനന്തപുരം: വിവാദങ്ങള്‍ ശക്തമായതോടെ പൊലീസ് നിയമ ഭേദഗതിയില്‍ നിന്ന് പിന്മാറി സര്‍ക്കാര്‍. നിയമസഭയിലടക്കം വിശദമായ ചര്‍ച്ച നടത്തി മാത്രമെ തുടര്‍ നടപടികള്‍ കൈക്കൊള്ളുകയുള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയില്‍ വ്യക്തമാക്കി. സിപിഎം കേന്ദ്ര നേതൃത്വത്തിൽ നിന്നു പോലും പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് നിയമ ഭേദഗതി പിൻവലിക്കാനുള്ള സർക്കാർ തീരുമാനം. മാധ്യമങ്ങളിലൂടെ വ്യക്തികളെ അധിക്ഷേപിക്കുന്നവർക്കെതിരെ നടപടി എടുക്കാനുള്ള വ്യവസ്ഥയാണ് വിവാദമായത്.
മാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിക്കുന്നതും വ്യക്തിഹത്യ നടത്തുന്നതും തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവോ പതിനായിരം രൂപ വരെ പിഴയോ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്ന വിധത്തിലാണ് പൊലീസ് നിയമത്തിലെ 118 എ വകുപ്പ് ഭേദഗതി ചെയ്ത് സർക്കാർ ഓർഡിനൻസ് ഇറക്കിയത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളും അപവാദ പ്രചരണങ്ങളും നിയന്ത്രണം വിട്ടതോടെയാണ് അവ നിയന്ത്രിക്കാൻ സർക്കാർ നിയമ ഭേദഗതിയുമായി മുന്നോട്ട് പോയത്. എന്നാൽ അത് ദുരൂപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക പല കോണുകളിൽ നിന്നും ഉയർന്നു.