തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാരെടുത്ത തീരുമാനത്തെ ശക്തമായി ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയ്ക്കുള്ളില്‍ നടന്ന ഒരു സംഭവത്തെ കേസിലേക്ക് വലിച്ചിഴച്ച യു.ഡി.എഫ് നടപടി ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ല. നിയമ നിര്‍മ്മാണസഭ ഒരു പരമാധികാര സഭയാണ്. അതിലെ നടപടിക്രമങ്ങളുടെയും ചട്ടങ്ങളുടെയും കസ്റ്റോഡിയന്‍ ആത്യന്തികമായി നിയമസഭ സ്പീക്കറാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
'സഭയിലെ പ്രശ്‌നം സഭയില്‍ തീരണം'
സഭയില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ സഭയില്‍ തന്നെ തീരണം. അതിനെ പുറത്തേക്കു കൊണ്ടു പോയാല്‍ അത് സഭയുടെ പരമാധികാരത്തെ തന്നെ ഇല്ലായ്മ ചെയ്യുന്ന പ്രവണതകളാകും ശക്തിപ്പെടുക. ഇവിടെ സഭയില്‍ ഉണ്ടായ പ്രശ്‌നങ്ങളില്‍ സ്പീക്കര്‍ തീര്‍പ്പു കല്‍പ്പിച്ചതും നടപടിയെടുത്തതുമാണ്. ഒരു കുറ്റത്തിന് രണ്ടു ശിക്ഷ എന്നത് നമ്മുടെ നിയമസങ്കല്‍പ്പത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ക്കു തന്നെ എതിരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.