തിരുവനന്തപുരം: തലസ്ഥാനത്ത് നാളെ മുതൽ ആൾക്കൂട്ടം നിയന്ത്രിക്കാൻ കർശന നടപടി. കോർപ്പറേഷൻ പരിധിയിലെ ചന്തകളിൽ പകുതി കടകൾക്ക് മാത്രമേ തുറക്കാൻ അനുമതിയുള്ളൂ. ഒന്നിടവിട്ട ദിവസങ്ങൾ എല്ലാവർക്കും തുറക്കാൻ അവസരം കിട്ടുന്ന നിലയിലാണ് ക്രമീകരിക്കുക. മാളുകളിലെ പച്ചക്കറി, പലവ്യഞ്ജനക്കടകൾക്കും ഇത് ബാധകമാണ്. സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ പൊലീസും രംഗത്തുണ്ടാവും. ഉറവിടമറിയാത്ത കൊവിഡ് കേസുകൾ സാമൂഹ്യവ്യാപനത്തിന് വഴിവച്ചേക്കുമെന്ന ആശങ്കയിൽ, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
തിരുവനന്തപുരത്ത് നാളെ മുതല്‍ ആള്‍ക്കൂട്ട നിയന്ത്രണം
ചന്തകളില്‍ പകുതി കടകള്‍ മാത്രമേ തുറക്കാന്‍ പാടുള്ളു. സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ എണ്ണം നിയന്ത്രിക്കും.
വിദേശത്ത് നിന്നെത്തുന്ന തീരമേഖലയിലുള്ളവർക്ക് വീട്ടിൽ ക്വാറന്‍റൈൻ സൗകര്യമില്ലെങ്കിൽ സർക്കാർ ക്വാറന്‍റൈനിലാക്കും. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീരമേഖലയിലുള്ളവർക്കായി വിഴിഞ്ഞം, പൂന്തുറ, ശംഖുമുഖം, ആറ്റിപ്ര, കഴക്കൂട്ടം എന്നിവിടങ്ങളിൽ ക്വാറന്‍റൈൻ കേന്ദ്രങ്ങൾ സജ്ജമാക്കും. മരണ, വിവാഹച്ചടങ്ങുകളിൽ മാനദണ്ഡം ലംഘിച്ച് ആളു കൂടിയാൽ പൊലീസ് നടപടിയെടുക്കും. കടകളിൽ സാമൂഹ്യ അകലവും സാനിറ്റൈസർ, മാസ്ക് എന്നിവയുടെ ഉപയോഗവും ഉറപ്പു വരുത്തും. നഗരസഭാ കാര്യാലയത്തിലെ തിരക്കു നിയന്ത്രിക്കാൻ പുറത്ത് കൗണ്ടറുകൾ ഒരുക്കി അപേക്ഷകളും പരാതികളും സ്വീകരിക്കാനാണ് തീരുമാനം.