തിരുവനന്തപുരം: വാക്‌സിൻ നൽകിയതിലെ പിഴവു മൂലം ഒന്നര വയസുകാരിക്ക് ജീവന് ഭീഷണിയുണ്ടായ സാഹചര്യം ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ നടപടിയെടുത്ത് സംസ്ഥാന ബാലാവകാശ കമ്മിഷൻ. തുടയിലെടുക്കേണ്ട വാക്‌സിൻ മുട്ടിലെടുത്തതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിൻ്റെ ചികിത്സാച്ചെലവായ 25000 രൂപ കുറ്റക്കാരായ നേഴ്‌സും ഡോക്‌ടറും നൽകണമെന്നാണ് ഉത്തരവ്.
കൊല്ലം തൃക്കോവിൽവട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജെ.പി.എച്ച്.എൻ ജോസഫൈൻ, മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. നിസ എന്നിവർക്കെതിരെയാണ് നടപടി. തുക ഈടാക്കി പരാതിക്കാരന് നൽകിയ ശേഷം കമ്മിഷനെ അറിയിക്കാൻ ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും ഡയറക്‌ടർക്കും നിർദ്ദേശം നൽകി. ബാലാവകാശ നിയമങ്ങളെക്കുറിച്ച് ആരോഗ്യ മേഖലയിലെ ജീവനക്കാർക്ക് ബോധവത്കരണം നൽകാനും നിർദ്ദേശമുണ്ട്.
വാക്‌സിനെടുത്ത കുഞ്ഞിൻ്റെ തുടയിലും കാലിലും നീരു വന്ന് വീർത്തിട്ടും തുടർ ചികിത്സ നൽകിയില്ലെന്ന് മുഖത്തല സ്വദേശിയായ പിതാവ് ബാലാവകാശ കമ്മിഷന് നൽകിയ പരാതിയിൽ പറയുന്നു. ഡിഎംഒയും ജില്ലാ ശിശു സംരക്ഷണ ഓഫീസറും നൽകിയ അന്വേഷണ റിപ്പോർട്ടുകൾ ഇക്കാര്യം ശരിവെച്ചിരുന്നു. ജീവനക്കാരുടെ പിഴവിനെത്തുടർന്ന് കുട്ടിയുടെ ജീവൻ നഷ്‌ടപ്പെടുമെന്ന ആശങ്കയുണ്ടാകുന്ന സാഹചര്യം നേരിട്ടതായും കമ്മിഷൻ കണ്ടെത്തി.
ALSO READ:പുതുചരിത്രം; കാസര്‍കോട് കെൽ ഇ.എം.എൽ നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി
കുട്ടിയെ പിന്നീട് ബന്ധുക്കൾ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി ചികിത്സ നൽകിയിരുന്നു. ജീവനക്കാരുടെ പിഴവ് മൂലമാണ് കുട്ടിക്ക് രണ്ടാഴ്‌ചയോളം മറ്റ് ആശുപത്രികളിൽ ചികിത്സ തേടേണ്ടതായി വന്നതെന്ന് ബോധ്യപ്പെട്ടെന്നും, ഈ സാഹചര്യത്തിലാണ് ചികിത്സാ ചെലവ് കുറ്റക്കാരിൽ നിന്ന് ഈടാക്കാൻ നിർദ്ദേശം നൽകിയതെന്നും ബാലാവകാശ കമ്മിഷൻ അംഗം റെനി ആൻ്റണി വ്യക്തമാക്കി.