തിരുവനന്തപുരം: യുഡിഎഫ് നേതൃയോഗത്തിനു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ പരാമര്‍ശം വിവാദമായി. ഡി.വൈ.എഫ്.ഐക്കാര്‍ക്കു മാത്രമേ പീഡിപ്പിക്കാവൂ എന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ എന്ന പരാമര്‍ശമാണ് വിവാദമായത്. തിരുവനന്തപുരം ഭരതന്നൂരില്‍ കൊവിഡ് രോഗിയെ പീഡിപ്പിച്ചത് കോണ്‍ഗ്രസ് സര്‍വീസ് സംഘടനാ പ്രവര്‍ത്തകനാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
വിവാദ പരാമര്‍ശം; തന്‍റെ വാക്ക് വളച്ചൊടിച്ചെന്ന് ചെന്നിത്തല
ഡി.വൈ.എഫ്.ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാവൂ എന്ന് എവിടെയെങ്കിലും എഴുതി വച്ചിട്ടുണ്ടോ എന്ന പരാമര്‍ശമാണ് വിവാദമായത്.
പീഡനം നടത്തിയ ഉദ്യോഗസ്ഥന്‍ സി.പി.എം സര്‍വീസ് സംഘടനാ പ്രവര്‍ത്തകനാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. പരാമര്‍ശത്തിനു തൊട്ടുപിന്നാലെ സി.പി.എം സൈബര്‍ ഗ്രൂപ്പുകള്‍ പ്രതിപക്ഷ നേതാവിനെതിരെ രംഗത്തു വന്നു. പ്രസ്താവന സ്ത്രീവിരുദ്ധ പരമാര്‍ശമാണെന്നും ചെന്നിത്തല മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആരോഗ്യമന്ത്രി കെ.കെ.ശൈലജയും രംഗത്തു വന്നു. പീഡനത്തെ ന്യായീകരിക്കുന്ന പ്രതിപക്ഷ നേതാവിന്‍റെ നിലപാട് അത്യന്തം പ്രതിഷേധാര്‍ഹവും സ്ത്രീ സമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് കോടിയേരി പറഞ്ഞു.
സ്ത്രീകളെ അപമാനിക്കുന്ന ഒരു കുറ്റവാളിക്കും ആരോഗ്യ വകുപ്പില്‍ സ്ഥാനമുണ്ടാകില്ലെന്ന് മന്ത്രി ശൈലജ അറിയിച്ചു. പ്രസ്താവന വിവാദമായതോടെ സംഭവത്തില്‍ വിശദീകരണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും രംഗത്തു വന്നു. തന്‍റെ പത്രസമ്മേളനത്തിലെ ഒരു വാചകം മാത്രം അടര്‍ത്തിയെടുത്ത് വളച്ചെടിച്ച് തന്നെ പരിഹസിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. ഡി.വൈ.എഫ്.ഐക്കാര്‍ മാത്രമല്ല ഭരണപക്ഷ സര്‍വീസ് സംഘടനയായ എന്‍.ജി.ഒ യൂണിയന്‍ക്കാരും പീഡിപ്പിക്കുന്നുണ്ട് എന്ന അര്‍ഥത്തിലാണ് പറഞ്ഞത്. തന്‍റെ മറുപടിയിലെ അടുത്ത വാചകങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. സി.പി.എം സൈബര്‍ ഗുണ്ടകളും ചില കേന്ദ്രങ്ങളും നേരത്തേയും ഇതു പോലെ തന്‍റെ പ്രസ്താവന വളച്ചൊടിച്ചിട്ടുണ്ടെന്നും അതിന്‍റെ ഭാഗമാണിത്. കൊവിഡ് രോഗികളായ യുവതികളെ പീഡിപ്പിച്ചതിനെതിരെ ഉയരുന്ന ജനരോഷത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള കുതന്ത്രം മാത്രമാണിതെന്നും ചെന്നിത്തല പറഞ്ഞു.