തിരുവനന്തപുരം: മലയാളി രക്ഷകര്‍ത്താക്കള്‍ കയ്യൊഴിഞ്ഞ കേരളത്തിന്‍റെ പൊതു വിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ഥികള്‍ മടങ്ങിവന്ന് തുടങ്ങിയിരിക്കുന്നു. അഞ്ച് ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് 2019-20 അധ്യയന വര്‍ഷത്തിന്‍റെ തുടക്കത്തില്‍ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകള്‍ ഉപേക്ഷിച്ച് കേരളത്തിന്‍റെ പൊതു വിദ്യാലയങ്ങളിലേക്ക് കടന്നു വന്നത്. കേരളത്തില്‍ ഒരു നിശബ്ദ വിപ്ലവത്തിനാണ് സര്‍ക്കാര്‍ തുടക്കം കുറിച്ചിരിക്കുന്നത്. കേരളത്തിന്‍റെ പൊതു വിദ്യാലയ അന്തരീക്ഷം മാറി തുടങ്ങി. ഈ അധ്യയന വര്‍ഷത്തിന്‍റെ തുടക്കത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് ഒന്നാം ക്ലാസിലെത്തിയത് 1,02,529 വിദ്യാര്‍ഥികളാണ്. സര്‍ക്കാര്‍, എയ്‌ഡഡ്, സ്വകാര്യ സ്‌കൂളുകളിലേക്ക് എത്തിയതാകട്ടെ 1,65,854 പേരും. അങ്ങനെ ആകെ പൊതു വിദ്യാലയങ്ങളിലെത്തിയ ഒന്നാം ക്ലാസുകാര്‍ 2,68,383 പേരാണ്. ഇത് കഴിഞ്ഞ 25 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പൊതു വിദ്യാലയ പ്രവേശനമാണ്.
പൊതുവിദ്യാലയങ്ങളിലേക്ക് കുട്ടികള്‍ മടങ്ങിവരുന്നു - പൊതുവിദ്യാലയം
ഈ അധ്യായന വര്‍ഷത്തിന്‍റെ തുടക്കത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് ഒന്നാം ക്ലാസിലെത്തിയത് 1,02,529 വിദ്യാര്‍ഥികളാണ്. ഇത് കഴിഞ്ഞ 25 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പൊതു വിദ്യാലയ പ്രവേശനമാണിത്
2017-18 അധ്യയന വര്‍ഷം മുതലാണ് പൊതു വിദ്യാലയങ്ങളിലേക്ക് കുട്ടികളുടെ ഒഴുക്ക് തുടങ്ങുന്നത്. പൊതു വിദ്യാലയങ്ങളിലേക്ക് കുട്ടികളെ ആകര്‍ഷിക്കാന്‍ കേരളത്തിലെ ഇടതു സര്‍ക്കാര്‍ ആവിഷ്‌കരിച്ച പൊതു വിദ്യാഭ്യാസ യജ്ഞത്തിന്‍റെ വിജയം കൂടിയാണ് പൊതു വിദ്യാലയങ്ങളിലേക്കുള്ള ഈ കുത്തൊഴുക്ക്. ഈ സര്‍ക്കാരിന്‍റെ ആദ്യ ബജറ്റില്‍ സര്‍ക്കാര്‍ സ്‌കൂളുകളെ ഹൈടെക്ക് ആക്കാനുള്ള പ്രഖ്യാപനം വന്നു. ഇതോടെ വന്‍കിട സ്വകാര്യ അണ്‍ എയ്‌ഡഡ് സ്‌കൂളുകളെ വെല്ലുന്ന ഹൈടെക് ക്ലാസ് മുറികള്‍ എല്ലാ സ്‌കൂളുകളിലുമായി. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച നവകേരള മിഷനില്‍ പൊതുവിദ്യാഭ്യാസത്തെയും ഉള്‍പ്പെടുത്തിയതിന് ശേഷം സര്‍ക്കാര്‍ സ്‌കൂളുകളില്‍ രക്ഷകര്‍ത്താക്കള്‍ക്കും വിശ്വാസമേറി തുടങ്ങി. 1994ല്‍ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഡി.പി.ഇ.പി വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ നിന്ന് പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് തിളക്കമാര്‍ന്ന നേട്ടം കൈവരിക്കാനാരംഭിച്ചതും കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ രക്ഷാകര്‍ത്താക്കള്‍ക്ക് വിശ്വാസം വര്‍ധിപ്പിക്കുന്നതായി.
സര്‍ക്കാര്‍ -എയ്‌ഡഡ് വിദ്യാലയങ്ങളിലെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളുടെ വിജയവും പൊതു വിദ്യാലയങ്ങളുടെ വിജയത്തില്‍ എടുത്തു പറയേണ്ടതാണ്. സര്‍ക്കാരിന്‍റെ മികച്ച ശ്രദ്ധയും അടിസ്ഥാന സൗകര്യവികസനത്തിന് ഊന്നലും നല്‍കിയാല്‍ ഇന്ത്യയിലെവിടെയും പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്താമെന്നതിന്‍റെ ഉദാഹരണം കൂടിയാകുകയാണ് കേരളത്തിന്‍റെ ഈ വിജയഗാഥ.