കേരളം

kerala

ETV Bharat / city

ആദര്‍ശിന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു - 14years old boy to repostmortem

2009 ഏപ്രിലിലായിരുന്നു പാല്‍ വാങ്ങാന്‍ പോയ ആദര്‍ശിനെ കാണാതായതും പിന്നീട് വീടിനടുത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതും

ദുരൂഹതകള്‍ അവസാനിക്കുന്നില്ല; പത്ത് വര്‍ഷം മുമ്പ് മരിച്ച കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു

By

Published : Oct 14, 2019, 3:06 PM IST

Updated : Oct 14, 2019, 4:02 PM IST

തിരുവനന്തപുരം:ഭരതന്നൂരില്‍ പത്ത് വർഷം മുമ്പ് മരിച്ച ഏഴാം ക്ലാസ് വിദ്യാർഥി ആദര്‍ശിന്‍റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. വർഷങ്ങൾ പിന്നിട്ടിട്ടും മരണത്തിലെ ദുരൂഹത നീങ്ങാത്ത സാഹചര്യത്തിലാണ് കല്ലറ തുറന്ന് പരിശോധിക്കുന്നത്. ഡിഎൻഎ പരിശോധന നടത്തി കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം. ക്രൈംബ്രാഞ്ചിന്‍റെയും ആർഡിഒയുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തുക.

ആദര്‍ശിന്‍റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു

ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ മരണത്തിന് മുമ്പ് കുട്ടി പീഡനത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. കുട്ടിയുടെ വസ്ത്രത്തിൽ നിന്ന് രക്തക്കറയും ബീജത്തിന്‍റെ അംശവും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ തെളിവുതേടിയാണ് ക്രൈംബ്രാഞ്ച് കല്ലറ തുറക്കുന്നത്. കുട്ടിയുടെ അരയ്ക്ക് താഴെയുള്ള അസ്ഥികൾക്ക് പരിക്കേറ്റിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.

കുട്ടിയെ 2009 ഏപ്രിൽ അഞ്ചിനാണ് മരിച്ച നിലയിൽ കണ്ടെത്തുന്നത്. വൈകുന്നേരം വീട്ടിൽ നിന്ന് അടുത്തുള്ള കടയിലേക്ക് പോയ കുട്ടിയെ കാണാതാവുകയായിരുന്നു. വീടിനടുത്തുള്ള പാടത്തെ കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പൊലീസ് മുങ്ങിമരണമാണെന്ന നിഗമനത്തിലാണ് എത്തിയത്. കൂടാതെ കുട്ടിയുടെ നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. കുട്ടി വെള്ളം കുടിച്ചിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് പറയുന്നുണ്ട്. ഈ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി കുട്ടിയുടേത് കൊലപാതകമാണെന്നും കേസ് വീണ്ടും അന്വേഷിക്കണമെന്നും ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെടുകയായിരുന്നു.

കൂടത്തായിയിലെ മരണങ്ങൾ കൊലപാതകമാണെന്ന് തെളിഞ്ഞതിന്‍റെ പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്തും മൃതദേഹം വീണ്ടും പുറത്തെടുത്ത് പരിശോധിക്കുന്നത്. കോടതിയുടെ അനുമതിയോടെയാണ് റീ പോസ്റ്റുമോർട്ടം.

Last Updated : Oct 14, 2019, 4:02 PM IST

ABOUT THE AUTHOR

...view details