തിരുവനന്തപുരം:മകന്‍റെ മരണത്തില്‍ ദുരൂഹതയാരോപിച്ച് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകുന്നില്ലെന്ന പരാതിയുമായി മാതാപിതാക്കള്‍. ബാലരാമപുരം, രാമപുരം സ്വദേശികളായ വിജയനും ഭാര്യ വസന്തയുമാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ജനുവരി 21നാണ് ഇവരുടെ മൂത്ത മകൻ ശ്രീകാന്തിനെ (37) വീട്ടിനുള്ളിൽ ഗുളിക കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് കിട്ടിയതോടെയാണ് ആത്മഹത്യ അല്ല കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണം എന്ന് തെളിഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ ദുരുഹത തെളിഞ്ഞതോടെ രക്ഷിതാക്കൾ നിയമപോരാട്ടത്തിന് ഇറങ്ങുകയായിരുന്നു. മുഖ്യമന്ത്രി, ഡിജിപി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിട്ടും നാളിതുവരെ ഒരു നടപടിയും സ്വീകരിച്ചില്ലെന്നാണ് ഇവരുടെ ആരോപണം.
മകന്‍റെ മരണത്തില്‍ ദുരൂഹത; പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് മാതാപിതാക്കള്‍
ജനുവരി 21നാണ് ശ്രീകാന്തിനെ വീട്ടിനുള്ളിൽ ഗുളിക കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് കിട്ടിയതോടെയാണ് കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണം എന്ന് തെളിഞ്ഞത്.
ഏഴുവർഷം മുമ്പാണ് ശ്രീകാന്ത് റസൽപുരം സ്വദേശി സന്ധ്യയെ വിവാഹം കഴിക്കുന്നത്. നാല് വർഷക്കാലം ശ്രീകാന്ത് കുടുംബസമേതം രാമപുരത്തെ കുടുംബ വീട്ടിലാണ് താമസിച്ചിരുന്നതെങ്കിലും കഴിഞ്ഞ രണ്ട് വർഷമായി റസൽപുരത്തെ ഭാര്യവീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇടക്കിടെ കുടുംബവീട്ടിൽ വരാറുള്ള ശ്രീകാന്ത് ഭാര്യവീട്ടിലെ കലഹങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നുവെന്ന് അമ്മ വസന്ത പറയുന്നു. സംഭവദിവസം ശ്രീകാന്തിന്‍റെ വീട്ടിൽ നടന്ന കലഹത്തിലും തുടർന്ന് നടന്ന മരണത്തിലും ദുരൂഹത ചൂണ്ടിക്കാട്ടി നാട്ടുകാർ ഉൾപ്പെടെ രംഗത്ത് വന്നിരുന്നെങ്കിലും പൊലീസ് അത് ഗൗരവമായി കണ്ടില്ലെന്നും ആക്ഷേപമുണ്ട്.