തിരുവനന്തപുരം:ആരോഗ്യ രംഗത്തും വികസന രംഗത്തും കേരളത്തിന്‍റെ നേട്ടങ്ങളെ അഭിനന്ദിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സെൻട്രൽ സ്‌റ്റേഡിയത്തിൽ റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി പതാക ഉയർത്തിയ ശേഷം നടത്തിയ റിപ്പബ്ലിക് ദിന സന്ദേശത്തിലാണ് മുഖ്യമന്ത്രിയെ പേരെടുത്ത് പറഞ്ഞ് ഗവർണർ അഭിനന്ദിച്ചത്.
അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിൽ, ഹൈവേകൾ, ജലപാതകൾ, ഗ്യാസ് പൈപ്പ്ലൈൻ ലിങ്കുകൾ എന്നിവ കമ്മീഷൻ ചെയ്യുന്നതിലൂടെ കേരളം പുരോഗതി കൈവരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ആരോഗ്യ സൂചകങ്ങളിൽ തുടർച്ചയായി നാലാം വർഷവും ഒന്നാമതെത്തി. സദ്ഭരണ സൂചികയിൽ രാജ്യത്ത് അഞ്ചാം സ്ഥാനവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാമതെത്തിയതും ശ്രദ്ധേയമായ നേട്ടമാണെന്നും ഗവർണർ പറഞ്ഞു.
ശിശുമരണ നിരക്ക് 6 ആയി കുറച്ചതിനും ക്ഷയരോഗബാധിതരുടെ വാർഷിക ഇടിവ് 7.5% രേഖപ്പെടുത്തിയതിനും കേരളം ദേശീയതലത്തിൽ പ്രശംസിക്കപ്പെട്ടു. കെവിഡ് വാക്‌സിനേഷനിലും കേരളം രാജ്യത്തിന് മാതൃകയായി. നിരവധി ദേശീയ സ്വപ്‌നങ്ങളുടെ സാക്ഷാത്കാരത്തിൽ കേരളത്തിന്‍റെ പങ്ക് വളരെ വലുതാണെന്നും ഗവർണർ വ്യക്തമാക്കി.