തിരുവനന്തപുരം: ഡി.സി.സി പ്രസിഡന്‍റ് നിയമന വിവാദത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് ആടിയുലയുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എംഎല്‍എയുടെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവായി ദേശീയ നേതൃത്വം നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തമായി. പ്രതിഷേധത്തിനിടെ കേരളത്തിലെ വക്താക്കളുടെ നിയമനം അഖിലേന്ത്യ പ്രസിഡന്‍റ് ബി.ശ്രീനിവാസ് ഉടന്‍ ഇടപെട്ട് മരവിപ്പിച്ചെങ്കിലും പ്രതിഷേധം കെട്ടടങ്ങുന്നില്ല.
ഡി.സി.സി പ്രസിഡന്‍റ് നിയമനത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കെ.സി. വേണുഗോപാലിനെ തന്നെയാണ് ഇക്കാര്യത്തിലും എ, ഐ ഗ്രൂപ്പുകള്‍ ആരോപണത്തിന്‍റെ മുൾമുനയില്‍ നിർത്തുന്നത്. ഡി.സി.സി പ്രസിഡന്‍റ് നിയമനവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയെ തള്ളിപ്പറഞ്ഞതിനുള്ള പ്രതിഫലമായാണ് കെ.സി. വേണുഗോപാല്‍ തിരുവഞ്ചൂരിന്‍റെ മകന് നേരിട്ട് നിയമനം നല്‍കിയതെന്നാണ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല വിഭാഗങ്ങളുടെ ആരോപണം.
കെസി വേണുഗോപാലിനെ വളഞ്ഞ് പിടിക്കും
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍ അറിയാതെ ഇത്തരത്തില്‍ ഒരു നിയമനം ഉണ്ടാകില്ലെന്നും കെ.സി വേണുഗോപാലും ഷാഫിയും ഇക്കാര്യത്തില്‍ ഒത്തു കളിച്ചുവെന്നും ആരോപണമുയര്‍ന്നു. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ നേതൃത്വത്തിനും സോണിയാഗാന്ധിക്കും എ, ഐ ഗ്രൂപ്പുകള്‍ പരാതി നല്‍കി. മാത്രമല്ല, അര്‍ജുന്‍ രാധാകൃഷ്ണനൊപ്പം സംസ്ഥാന വക്താക്കളായി നിയമിച്ച മറ്റ് നാല് പേരെ കുറിച്ച് കേട്ടിട്ടു പോലുമില്ലെന്നാണ് പരാതി. ആതിരാ രാജേന്ദ്രന്‍, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരാണ് അര്‍ജുനൊപ്പം സംസ്ഥാന വക്താക്കളായി നിയമനം ലഭിച്ചവര്‍.