തിരുവനന്തപുരം : കേന്ദ്രസര്‍ക്കാര്‍ തന്നെ ശത്രുവായി കാണുന്നുവെന്ന് വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍. കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോഴും താന്‍ വിമര്‍ശിച്ചിട്ടുണ്ടെങ്കിലും അവര്‍ക്ക് തന്നോട് ഇത്രയും ശത്രുത ഉണ്ടായിരുന്നില്ലെന്ന് അടൂര്‍ തുറന്നടിച്ചു. അടൂരിന്‍റെ ചലച്ചിത്ര ജീവിതത്തിന്‍റെ അരനൂറ്റാണ്ടിന്‍റെ ഭാഗമായി തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന് ആദരവ് നല്‍കാനായി സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ തന്നെ ശത്രുവായി കാണുന്നു ; ശ്രീധരന്‍ പിള്ളയെ വേദിയിലിരുത്തി തുറന്നടിച്ച് അടൂര്‍ ഗോപാലകൃഷ്‌ണന്‍
കോണ്‍ഗ്രസ് കേന്ദ്രം ഭരിക്കുമ്പോഴും താന്‍ വിമര്‍ശിച്ചിട്ടുണ്ട്. അവര്‍ക്ക് തന്നോട് ഇത്രയും ശത്രുത ഉണ്ടായിരുന്നില്ലെന്ന് അടൂര്‍ ഗോപാലകൃഷ്‌ണന്‍
ദേശീയ തലത്തിലുളള ചലച്ചിത്ര സ്ഥാപനങ്ങളെ ഒരു കുടക്കീഴിലാക്കാനുളള നീക്കത്തെ എതിര്‍ത്തത് മൂലമാണ് കേന്ദസര്‍ക്കാരിന് തന്നോട് ശത്രുതയെന്ന് അടൂര്‍ പറഞ്ഞു. 'ഇത് സിനിമയ്ക്ക് ഗുണം ചെയ്യില്ലെന്നാണ് ഞാന്‍ ചൂണ്ടിക്കാട്ടിയത്. പല മാര്‍ഗ്ഗത്തിലൂടെയും ഞാന്‍ അതിന് തുനിഞ്ഞു. ഇത്രയും കാലം ഈ മേഖലയില്‍ പ്രവര്‍ത്തിച്ചയാളെന്ന പരിഗണന പോലും എനിക്ക് നല്‍കിയില്ല'-അടൂര്‍ പറഞ്ഞു.
ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിളള വേദിയിലിരിക്കെയായിരുന്നു അടൂരിന്‍റെ ഈ തുറന്നുപറച്ചില്‍. അടൂരിന്‍റെ സിനിമാജീവിതം കൂടുതല്‍ ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും വിധേയമാകേണ്ടതുണ്ടെന്ന് പി.എസ് ശ്രീധരന്‍ പിളള പറഞ്ഞു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.