തിരുവനന്തപുരം :വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കാൻ കൂടുതൽ സമയം തേടി തുറമുഖ നിർമാതാക്കളായ അദാനി ഗ്രൂപ്പ്. 2024 ൽ മാത്രമേ വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കാൻ കഴിയൂവെന്നും അതുവരെ സമയം നീട്ടി നൽകണമെന്നുമാണ് ഗ്രൂപ്പ് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
2015 ൽ കരാർ ഒപ്പിടുന്ന സമയത്ത് ആയിരം ദിവസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം. അദാനി നൽകിയ ഉറപ്പ് അനുസരിച്ച് 2019 ഡിസംബർ മൂന്നിന് വിഴിഞ്ഞം പദ്ധതി പൂർത്തിയാകേണ്ടതായിരുന്നു.
ഡിസംബർ മൂന്നിന് പദ്ധതി പൂർത്തിയായില്ലെങ്കിൽ മൂന്ന് മാസത്തേക്ക് കൂടി നഷ്ടപരിഹാരമൊന്നും കൂടാതെ അദാനിക്ക് കരാർ നീട്ടി നൽകാം.
മൂന്ന് മാസത്തിന് ശേഷവും പണി പൂർത്തിയായില്ലെങ്കിൽ അധികം എടുക്കുന്ന ഓരോ ദിവസത്തിനും 12 ലക്ഷം രൂപ വച്ച് സംസ്ഥാന സർക്കാരിന് നഷ്ടപരിഹാരം നൽകണം എന്നായിരുന്നു വ്യവസ്ഥ.
അതിനാൽ അദാനി ഗ്രൂപ്പിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഒരുങ്ങുകയാണ് സംസ്ഥാന സർക്കാർ. അതേസമയം വിഴിഞ്ഞം തുറമുഖത്തിന്‍റെ പണി നീണ്ടുപോകാൻ പ്രധാനകാരണം സംസ്ഥാന സർക്കാർ ആണെന്ന് അദാനി ഗ്രൂപ്പ് ആർബിട്രേഷൺ ട്രിബ്യൂണലിൽ അറിയിച്ചു.
വിഴിഞ്ഞം തുറമുഖത്തേക്കുള്ള ഗതാഗത സൗകര്യം വളരെ വൈകിയാണ് സർക്കാർ ഒരുക്കിയത്. പദ്ധതി പ്രദേശത്തിന്‍റെ അതിർത്തി മതിൽ പൂർത്തിയാക്കാനും സമയമെടുത്തു. ഓഖിയും രണ്ട് പ്രളയവും പണി ദീർഘിപ്പിച്ചെന്നും അദാനി ഗ്രൂപ്പ് പറയുന്നു.
ALSO READ :നെയ്യാർ ഡാമിൽ ബൈക്ക് റേസിങ്ങിനിടെ അപകടം ; യുവാവിന്‍റെ കാൽ ഒടിഞ്ഞുതൂങ്ങി
എന്നാല്‍ 2023 ഓടെ അദാനി ഗ്രൂപ്പ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമാക്കണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
രണ്ട് വർഷത്തിനകം കരാർ പൂർത്തിയാക്കാൻ 2019 ൽ തന്നെ അന്ത്യശാസനം നൽകിയതാണ്. അതിനാൽ അദാനി മുന്നോട്ടുവച്ച 2024 വരെയുള്ള സമയം അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.