തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയ സംഭവത്തിൽ ഉൾപ്പെട്ട അഞ്ച് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി. ആർ.എഫ്.ഒ കെ.കെ ഷൈജുവിനും ജില്ല ഫയർ ഓഫിസർ ജെ.എസ് ജോഗിക്കും സസ്പെൻഷൻ നൽകിയപ്പോൾ പരിശീലനം നൽകിയ മൂന്ന് ഫയർ ഓഫിസർമാർക്ക് സ്ഥലം മാറ്റമാണ് ശിക്ഷ.
ബി. അനീഷ്, വൈ.എ രാഹുൽദാസ്, എം. സജ്ജാദ് എന്നിവർക്കാണ് സ്ഥലം മാറ്റം. ഫയർഫോഴ്‌സ് മേധാവി ബി.സന്ധ്യ ആഭ്യന്തരവകുപ്പിന് നൽകിയ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയാണ് നടപടിക്ക് ഉത്തരവിട്ടത്. മത, രാഷ്ട്രീയ സംഘടനകൾക്ക് പരിശീലനം നൽകുന്നത് വിലക്കി ഫയർഫോഴ്‌സ് മേധാവിയുടെ സർക്കുലറും പുറത്തുവന്നിരുന്നു.
കഴിഞ്ഞ ബുധനാഴ്‌ച ആലുവയിലാണ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് അപകടങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിനും അഗ്നിശമന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുമുള്ള പരിശീലനം ഫയർഫോഴ്‌സ് സേനാംഗങ്ങൾ നൽകിയത്. പരിശീലനത്തിന് നിർദേശം നൽകിയതിനാണ് ആർഎഫ്ഒയ്ക്കും ജില്ല ഫയർ ഓഫിസർക്കും സസ്പെൻഷൻ നൽകിയത്.
ALSO READ:'കൃത്രിമ വിലവര്‍ധനവില്‍ കര്‍ശന നടപടി'; ജില്ല കലക്‌ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി ഭക്ഷ്യമന്ത്രി
മറ്റ് മൂന്ന് ഉദ്യോഗസ്ഥർ മേലുദ്യോഗസ്ഥരുടെ നിർദേശം അനുസരിക്കുക മാത്രമാണ് ഉണ്ടായതെന്ന കേരള ഫയർഫോഴ്‌സ് അസോസിയേഷൻ്റെ വാദം മുഖ വിലയ്‌ക്കെടുത്താണ് നടപടി സ്ഥലം മാറ്റത്തിൽ ഒതുക്കിയത്. അതേസമയം ഇവർക്കെതിരെ മറ്റ് വകുപ്പുതല നടപടികള്‍ ഉണ്ടാകും.