തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് (IFFK) വെള്ളിയാഴ്‌ച (18.03.22) തിരിതെളിയും. വൈകിട്ട് 6:30ന് നിശാഗന്ധി തിയേറ്ററിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
ചടങ്ങിൽ കുർദിഷ് സംവിധായിക ലിസ കലാന് സ്‌പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം നൽകി മുഖ്യമന്ത്രി ആദരിക്കും. സംവിധായകൻ അനുരാഗ് കശ്യപ് മുഖ്യാതിഥിയാകും. ബംഗ്ലാദേശ്, സിംഗപ്പൂർ, ഖത്തർ, എന്നീ രാഷ്ട്രങ്ങളുടെ സംയുക്ത സംരംഭമായ 'രഹാന'യാണ് ഉദ്ഘാടന ചിത്രം.
ആദ്യ ദിനത്തിൽ 13 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. മനോലോ നിയെതോ സംവിധാനം ചെയ്‌ത 'ദി എംപ്ലോയർ ആൻഡ് ദി എംപ്ലോയീ'യുടെ ഇന്ത്യയിലെ ആദ്യ പ്രദർശനവും വെള്ളിയാഴ്‌ച നടക്കും. എട്ട് ദിവസങ്ങളിലായി നടക്കുന്ന മേളയിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 173 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക.
കൈരളി, ശ്രീ, നിള, കലാഭവൻ, ടാഗോർ, നിശാഗന്ധി, ന്യൂ (രണ്ട് സ്ക്രീൻ), എരീസ് പ്ലക്‌സ് (അഞ്ച് സ്ക്രീൻ), അജന്ത, ശ്രീ പത്മനാഭ എന്നീ 15 തിയേറ്ററുകളിലായാണ് മേള നടക്കുന്നത്. 10,000 പേർക്കാണ് ഇത്തവണ പാസ് അനുവദിക്കുന്നത്. മേളയിൽ വിദ്യാർഥികളുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിന് ഇത്തവണ ഇരട്ടി പാസ് അനുവദിച്ചിട്ടുണ്ട്.
Also read: 'തുറന്നുവിട്ടാല്‍ തിരിച്ചു വരുന്നവര്‍ ചുരുക്കമാണ്, മനുഷ്യന്‍ ആയാലും മൃഗം ആയാലും'; സുരാജിന്‍റെ മുഖത്തടിച്ച് ഇന്ദ്രജിത്ത്