പാലക്കാട്:വാരണിപ്പുഴയിൽ താഴ്‌ന്നുപോയ മൂന്നു ജീവനുകൾക്ക് രക്ഷയായത് രണ്ട് അശ്വിൻമാരുടെ ആത്മധൈര്യം. ഞായർ വൈകിട്ട് 5.30ന് കുളിക്കാനിറങ്ങവെ വാരണിപ്പുഴയിൽ മുങ്ങിത്താണ നാല് വയസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പത്തു വയസുകാരൻ കെ.അശ്വിനും കൂട്ടുകാരൻ എ.എസ് അശ്വിനും തുണയായി.
അക്കരക്കാട്ടിലെ രത്നമ്മയും പേരക്കുട്ടി നാലുവയസുകാരൻ ആദുവും അയൽവാസി ശാന്തമ്മയും വാരണി പാലത്തിന് താഴെ പുഴയിലെ തടയണയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. രത്നമ്മ കൽപ്പടവിലിരിക്കെ ശാന്തമ്മ ആദുവിനെ പുറത്തിരുത്തി നീന്തുന്നതിനിടെ കുട്ടി പുഴയുടെ ആഴമുള്ള ഭാഗത്തേക്ക് വീണു. വെള്ളത്തിൽ വീണ ആദുവിനൊപ്പം ശാന്തമ്മയും മുങ്ങിത്താണു.
ഇരുവരെയും കാണാതായതോടെ രത്നമ്മയും വെള്ളത്തിലേക്ക് ചാടി. എന്നാൽ നില തെറ്റി രത്നമ്മയും മുങ്ങിത്താഴുകയായിരുന്നു. ഉടൻതന്നെ കുളി കഴിഞ്ഞ് പാറപ്പുറത്തിരിക്കുകയായിരുന്ന കെ.അശ്വിനും എ.എസ് അശ്വിനും നീന്തിയെത്തി. കെ.അശ്വിൻ ശാന്തമ്മയെയും രത്നമ്മയെയും മുങ്ങിയെടുത്ത് കൽപ്പടവിലെത്തിച്ചപ്പോൾ എ.എസ് അശ്വിൻ ആദുവിന്‍റെ രക്ഷകനായി.
അകത്തേത്തറ ഗവൺമെന്‍റ് യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിയായ എ.എസ് അശ്വിൻ അക്കരക്കാട്ടിലെ അരവിന്ദാക്ഷന്‍റെയും ശുഭയുടെയും മകനാണ്. കണ്ണന്‍റെയും സുനിതയുടെയും മകനായ കെ.അശ്വിൻ ആറാം ക്ലാസ് വിദ്യാർഥിയാണ്.
Also Read: കൊലപ്പെടുത്തിയ ശേഷം തോളിൽ ചുമന്ന് പൊലീസ് സ്റ്റേഷനിലേക്ക്; നടുക്കം മാറാതെ കോട്ടയം