കീവ്: ഷെല്ലും ബോംബും വീണ് പൊട്ടുന്ന ശബ്‌ദമാണ് എങ്ങും. പുറത്തിറങ്ങാനോ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാനോ കഴിയുന്നില്ല. റഷ്യൻ പട്ടാളം കടന്നുകയറിയ യുക്രൈനിലെ കീവീന്‍റെ സമീപ നഗരമായ കാർക്കിവിലെ ഭൂഗർഭ മെട്രോ സ്‌റ്റേഷനിൽ കഴിയുന്ന ഒറ്റപ്പാലം സ്വദേശി അനീസ് മുഹമ്മദിന്‍റെ വാക്കുകളാണിത്.
‘ഭക്ഷണം മൂന്ന്, നാല് ദിവസം കൂടി കഴിഞ്ഞാൽ തീരും. പാലങ്ങൾ പലതും അടയ്‌ക്കുകയോ പൊളിച്ചു മാറ്റുകയോ ചെയ്‌തു. വിമാനത്താവളവും റെയിൽവേ സ്റ്റേഷനുകളും അടച്ചു. കടകളും ബാങ്കുകളും പൂട്ടി. ആരും പുറത്തിറങ്ങുന്നില്ല. ഏതു നിമിഷവും വൈദ്യുതി തടസ്സപ്പെടാം'. ഒറ്റപ്പാലം പുളിഞ്ചോട് പരിക്കൻപ്പാറ വീട്ടിൽ അനീസ് വീട്ടുകാരോട് പറഞ്ഞു. വി എൻ കാറസിൻ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കൽ വിദ്യാർഥിയാണ് അനീസ്.