കേരളം

kerala

ETV Bharat / city

'രക്ഷപ്പെടുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു'; ഇനിയും യാത്ര പോകും, പക്ഷേ മുന്‍കരുതലെടുക്കും: ബാബു

മുൻകരുതലുകൾ എടുത്താണ് ഇനി യാത്രയെന്നും സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ബാബു.

By

Published : Feb 11, 2022, 3:21 PM IST

ബാബു പ്രതികരണം  ബാബു ആശുപത്രി വിട്ടു  ബാബു മല കയറ്റം  rescued trekker babu reaction  babu leaves hospital  babu on trekking cherad hill  kerala trekker rescued latest  ബാബു ഡിസ്‌ചാര്‍ജ് പ്രതികരണം  ബാബു യാത്ര
'രക്ഷപ്പെടുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു'; ഇനിയും യാത്ര പോകും, പക്ഷേ മുന്‍കരുതലെടുക്കും: ബാബു

പാലക്കാട്: മലമ്പുഴ ചെറാട് കൂർമ്പാച്ചി മലയിടുക്കില്‍ കുടുങ്ങിയ ബാബു ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാര്‍ജായി. കുറച്ച് ദിവസം പൂർണ വിശ്രമം ആവശ്യമാണെന്നും ഇനിയും യാത്രകൾ ചെയ്യുമെന്നും ആശുപത്രി വിട്ടതിന് പിന്നാലെ ബാബു പറഞ്ഞു.

ഇനി മലയിലേക്കടക്കം യാത്ര ചെയ്യുമ്പോൾ അനുമതി വാങ്ങും. മുൻകരുതലുകൾ എടുത്താണ് ഇനി യാത്രയെന്നും സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ശനിയാഴ്‌ച മുതൽ പത്ര വിതരണം തുടങ്ങുമെന്നും ബാബു വ്യക്തമാക്കി.

'രക്ഷപ്പെടുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു'

46 മണിക്കൂർ മലയിടുക്കിൽ കഴിഞ്ഞ അവസ്ഥ ബാബു വിശദീകരിച്ചു. മൂന്ന് കൂട്ടുകാർക്കൊപ്പമാണ് മലകയറിയത്. അഞ്ച് പൊറോട്ടയും രണ്ട് ദോശയും രണ്ട് കുപ്പി വെള്ളവും കയ്യില്‍ കരുതിയിരുന്നു. ഇത് കൂട്ടുകാര്‍ക്കൊപ്പം കഴിച്ചു. യാത്ര പകുതിയെത്തിയപ്പോള്‍ ദാഹിച്ചതോടെ കൂട്ടുകാർ തിരിച്ചിറങ്ങി. ഒറ്റയ്ക്കാണ് പിന്നീട് മലകയറിയതെന്ന് ബാബു പറഞ്ഞു.

പുല്ലിൽ ചവിട്ടി വഴുക്കിയാണ് ചുവട്ടിലേക്ക് വീണത്. വീഴ്‌ചയിൽ കാലിന് പരിക്കേറ്റു. മലയിടുക്കിലേക്കാണ് വീണത്. പിന്നീട് അവിടെ തന്നെ ഇരുന്നു. ഉടൻ കൂട്ടുകാരെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചു.

വീണ സ്ഥലം മനസിലാകാനായി ഫോണിൽ ചിത്രങ്ങളും അയച്ചു. കൂട്ടുകാരാണ് അവിടെ തന്നെ ഇരിക്കാൻ പറഞ്ഞത്. കാലിന് പരിക്കേറ്റതിനാൽ അവിടെ തന്നെ ഇരിക്കുന്നതാണ് സുരക്ഷിതമെന്ന് കൂട്ടുകാർ പറഞ്ഞു.

മുമ്പും ചെറാട് മലയിലേക്ക് യാത്ര ചെയ്‌തിട്ടുണ്ട്. രാത്രിയിൽ മലമുകളിൽ ഇരുന്നപ്പോൾ ചെറിയ തോതിൽ പേടിയുണ്ടായിരുന്നു. എന്നാൽ രക്ഷപ്പെടുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു. രക്ഷപ്പെടുത്താനായി പൊലീസും ഫയർഫോഴ്‌സും വരുന്നത് കണ്ടിരുന്നു. ആദ്യം അകപ്പെട്ട മലയിടുക്കിലാണ് ഒരു രാത്രി പൂർണമായി കഴിഞ്ഞത്. വിശപ്പും വെള്ള ദാഹവും ഉണ്ടായിരുന്നു.

ബാലയെ ഒരിക്കല്‍ കൂടി കാണണം

കാൽ മടക്കാൻ പോലും കഴിയാതെ വന്നതോടെയാണ് അടുത്ത ദിവസം രാത്രി അതിന് ചുവട്ടിലെ മറ്റൊരു മലയിടുക്കിലേക്ക് ഇറങ്ങിയത്. അവിടെ എഴുന്നേറ്റ് നിൽക്കാൻ കഴിയുമായിരുന്നു. അതിനാലാണ് ചുവട്ടിലേക്ക് ഇറങ്ങിയത്.

കാലിന് പരിക്കുള്ളതിനാൽ മുകളിലേക്ക് കയറാൻ കഴിഞ്ഞില്ല. താഴെ നിന്നും മുകളിൽ നിന്നും രക്ഷാപ്രവർത്തനത്തിന് എത്തിയ ആളുകൾ സംസാരിക്കുന്നത് കേൾക്കാമായിരുന്നു. ഇവരുടെ ചോദ്യങ്ങൾ മറുപടിയും നൽകി.

സൈനികൻ ബാല (ബി ബാലകൃഷ്‌ണന്‍) എത്തിയ ഉടൻ വെള്ളം നൽകി. മണിക്കൂറുകൾ വെള്ളം കുടിക്കാതിരുന്നതിനാൽ വെള്ളം കുടിച്ചതും ഛർദ്ദിച്ചു. ബാല ആശ്വസിപ്പിച്ചാണ് മുകളിലേക്ക് കയറ്റിയത്. രക്ഷപ്പെടുത്തിയ മദ്രാസ് റെജിമെന്‍റിലെ കരസേനാംഗം ബാലകൃഷ്‌ണനെ ഒരിക്കൽ കൂടി കാണാൻ ആഗ്രഹം ഉണ്ടെന്നും ബാബു പറഞ്ഞു.

പകൽ സമയത്തെ കനത്ത ചൂടും രാത്രിയിലെ തണുപ്പും കാര്യമായ ക്ഷീണമുണ്ടാക്കി. രാത്രിയിൽ പാലക്കാട് നഗരം മുഴുവൻ വെളിച്ചം നിറഞ്ഞ് നിൽക്കുന്നത് കണ്ടു. ഇതിന് മുമ്പ് ഇങ്ങനെ കണ്ടിട്ടില്ലെന്നും ബാബു കൂട്ടിച്ചേര്‍ത്തു.

Also read: ഇനിയും യാത്ര തുടരാൻ ബാബു; സന്തോഷത്തോടെ ആശുപത്രി വിട്ടു

ABOUT THE AUTHOR

...view details