പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാർ കണ്ടെത്തി. കഞ്ചിക്കോട് നിന്നാണ് വാഹനം കണ്ടെത്തിയത്. KL9 AQ 79 0l എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള ഓൾട്ടോ 800 കാർ ആണ് കണ്ടെത്തിയത്.
വെള്ളിയാഴ്‌ച ഉച്ചയോടെയാണ് കാർ കണ്ടതെന്ന് സമീപത്തെ കടയുടമ പറഞ്ഞു. രണ്ട് മണിയോടെയാണ് കാർ കണ്ടത്. ഹൈവേക്ക് സമീപമായതിനാല്‍ സംശയം തോന്നി രാത്രി 10 മണിയോടെ പൊലീസിനെ അറിയിക്കുകയായിരുന്നുവെന്ന് കടയുടമ രമേശ് കുമാർ പറഞ്ഞു.
കൊലപാതകം നടന്ന പാറയിൽ നിന്ന് 10 കിലോമീറ്റർ മാത്രം അകലെയാണ് വാഹനം ഉപേക്ഷിച്ചത്. കൊലയാളി സംഘം കാർ ഇവിടെ ഉപേക്ഷിച്ച് തമിഴ്‌നാട്ടിലേക്ക് കടന്നെന്നാണ് സംശയിക്കുന്നത്. കേസില്‍ തമിഴ്‌നാട് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
അഞ്ചംഗ കൊലയാളി സംഘം കൊഴിഞ്ഞാമ്പാറ എത്തിയശേഷം തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചനയെന്ന് കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു. കൃത്യമായി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച ഒരു കാർ കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്‍റെ കാർ തന്നെയെന്ന് സഞ്ജിത്തിൻ്റെ പിതാവ് ആറുമുഖൻ സ്ഥിരീകരിച്ചു.
സംഘം ഉപയോഗിച്ചത് സഞ്ജിത്തിന്‍റെ കാര്‍: സഞ്ജിത്ത് കൊല്ലപ്പെടുന്നതിന് മുന്‍പ് തന്നെ കാർ വർക്ക്‌ഷോപ്പിലായിരുന്നു. കാർ തിരികെ വാങ്ങിയിരുന്നില്ല. ഏത് വര്‍ക്ക്‌ഷോപ്പിലാണെന്നും അറിയില്ല.