പാലക്കാട്: രണ്ട് മാസം നീണ്ടു നിന്ന ലോക്ക് ഡൗണിന് ഇളവുകൾ വന്നതോടെ ഇതര സംസ്ഥാനത്തു നിന്നും പട്ടമ്പിയിലെത്തിയ തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി തുടങ്ങി. ഉപജീവനത്തിനായി തൊഴിൽ തേടി കേരളത്തിലെത്തിയ 560 ഉത്തർപ്രദേശ് സ്വദേശികളാണ് ഉച്ചയോടെ പട്ടാമ്പി സ്കൂളിൽ നടന സ്ക്രീനിങ് പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത്.
പട്ടാമ്പിയില്‍ നിന്നും ഇതരസംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി
560 ഉത്തർപ്രദേശ് സ്വദേശികളാണ് ഉച്ചയോടെ പട്ടാമ്പി സ്കൂളിൽ നടന സ്ക്രീനിങ് പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങിയത്.
പട്ടാമ്പി താലൂക്കിലെ മൂന്ന് കേന്ദ്രങ്ങളിലായാണ് ഇവർക്കുള്ള സ്ക്രീനിങ് നടന്നത്. പട്ടാമ്പി പൊലീസ് സ്റ്റേഷന് കീഴിൽ പട്ടാമ്പി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലും കൊപ്പം പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊപ്പം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലും തൃത്താല, ചാലിശേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ളവരെ വട്ടേനാട് സ്കൂളിലുമായാണ് സ്ക്രീനിങ് നടത്തിയത്.
17 കെ.എസ്.ആർ.ടി.സി ബസുകളിലായി ഇവരെ ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു. അവിടെ നിന്നും ട്രെയിൻ മാർഗം തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങി. പട്ടാമ്പിയിലുള്ള ഒറീസ സ്വദേശികള്‍ നേരത്തെ പോയിരുന്നു. വരും ദിവസങ്ങളിൽ ജാർഖണ്ഡ്, ബിഹാർ എന്നിവിടങ്ങളിലേക്കുള്ള ആളുകളെ സ്ക്രീനിങ് നടത്തി നാട്ടിലേക്ക് കയറ്റിവിടും.