പാലക്കാട്: സംസ്ഥാന സർക്കാരിന്‍റെ ഓണാഘോഷ പരിപാടി 'ഓണവിരുന്നിന്' പാലക്കാട് ജില്ലയിലും തുടക്കമായി. മന്ത്രി എ കെ ബാലനാണ് ഈ മാസം 14 വരെ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഷാഫി പറമ്പില്‍ എൾഎല്‍എ അധ്യക്ഷനായ ചടങ്ങില്‍ വി കെ ശ്രീകണ്ഠന്‍ എംപി മുഖ്യാതിഥിയായി. ടൂറിസം - സാംസ്കാരിക വകുപ്പുകളുടെയും ഭാരത് ഭവന്‍റേയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്‍റേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
പാലക്കാട് 'ഓണവിരുന്നിന്' തുടക്കം
മന്ത്രി എ കെ ബാലനാണ് ഈ മാസം 14 വരെ നീണ്ടു നില്‍ക്കുന്ന ഓണാഘോഷങ്ങളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചത്
രാപ്പാടി ഓപ്പൺ ഓഡിറ്റോറിയം, മലമ്പുഴ ഗാർഡൻ, ശ്രീകൃഷ്ണപുരം ബാപ്പുജി ചിൽഡ്രൻസ് പാർക്ക് എന്നീ വേദികളിലായി വൈവിധ്യമാർന്ന ജനകീയ സാംസ്കാരിക പരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഈ മാസം പതിനൊന്നിന് വിവിധ സംസ്ഥാനങ്ങളിലെ കലാകാരന്മാരുടെ നൃത്ത-സംഗീത പരിപാടികളും പന്ത്രണ്ടിന് രവീന്ദ്രനാഥ ടാഗോറിന്‍റെ പാലക്കാട് സന്ദർശനത്തിന്‍റെ നൂറാം വാർഷികവുമായി ബന്ധപ്പെട്ട പ്രത്യേക കലാ പരിപാടികളും അരങ്ങേറും.
ഉദ്ഘാടന ചടങ്ങില്‍ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി വിജയൻ, എംഎൽഎമാരായ കെ വി വിജയദാസ്, കെ. ഡി പ്രസന്നൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ കെ ശാന്തകുമാരി, നഗരസഭാ ചെയർപേഴ്സൺ പ്രമീളാ ശശിധരൻ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ തുടങ്ങിയവർ പങ്കെടുത്തു.