പാലക്കാട്: ഓണാഘോഷങ്ങളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായിരുന്നു ഓണക്കോടി. പുത്തനുടുപ്പണിഞ്ഞ് ഓണം ആഘോഷിക്കാനാണ് എല്ലാ മലയാളികളും ആഗ്രഹിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം വരെയുണ്ടായിരുന്ന ശീലങ്ങള്‍ ഈ കൊവിഡ് കാലത്ത് മലയാളി മാറ്റുകയാണ്. വസ്‌ത്രം വാങ്ങാന്‍ പ്രതീക്ഷിച്ചത്ര ആളുകള്‍ എത്താതായതോടെ ഓണവിപണി ലക്ഷ്യം വച്ച് കടകളൊരുക്കിയ ചെറുകിട വസ്‌ത്ര കച്ചവടക്കാര്‍ കടുത്ത പ്രതിസന്ധിയിലാണ്.
വസ്‌ത്രവിപണിയിലും കൊവിഡ് ബാധിച്ച ഓണക്കാലം
ചെറുകിട വസ്‌ത്ര വ്യാപാരികളുടെയും തയ്യൽ തൊഴിലാളികളുടെയും ജീവിതവും പ്രതിസന്ധിയിലായിരിക്കുകയാണ്.
ആവശ്യക്കാരുടെ ഇഷ്ടാനുസരണം വസ്ത്രങ്ങൾ ഡിസൈൻ ചെയ്തു തുന്നി കൊടുക്കുന്ന ഇരുപതോളം സ്ഥാപനങ്ങൾ പാലക്കാട് മാത്രം പ്രവർത്തിക്കുന്നുണ്ട്. കോവിഡ് കാലമായതോടെ മിക്ക സ്ഥാപനങ്ങളും പ്രവർത്തനം നിലച്ച അവസ്ഥയിലാണ്. പ്രവർത്തിക്കുന്നവയാവട്ടെ വലിയ സാമ്പത്തിക പ്രതിസന്ധിയും നേരിടുന്നു. കൂടുതലും യുവാക്കളാണ് ഡിസൈനർ വസ്ത്രങ്ങളുടെ പ്രധാന ഉപഭോക്താക്കൾ. എന്നാൽ കൊവിഡിന്‍റെ ആഘാതത്തിൽ പലരും തൊഴിൽ രഹിതരായി. വരുമാനവും നിലച്ചു.
ആവശ്യക്കാർ ഇല്ലാത്തതിനാൽ ഇവിടങ്ങളിൽ ജോലി ചെയ്യുന്ന തയ്യൽ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായിരിക്കുകയാണ്. എട്ടോളം തൊഴിലാളികൾ ഉണ്ടായിരുന്ന സ്ഥാപനത്തില്‍ ഇപ്പോൾ രണ്ടിലധികം പേർക്ക് വേതനം കൊടുക്കാൻ കഴിയുന്നില്ലെന്ന് കടയുടമ പറയുന്നു. മുനിസിപ്പാലിറ്റിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉടമകള്‍ വാടകയിനത്തില്‍ മുനിസിപ്പാലിറ്റിയോട് ഇളവുകള്‍ ആവശ്യപ്പെടാൻ ഒരുങ്ങുകയാണ്.