മലപ്പുറം : നിലമ്പൂരിൽ കാട്ടാനക്കൂട്ടം വഴിമുടക്കിയതിനെ തുടർന്ന് ഗർഭിണിയെ ആശുപത്രിയിലെത്തിച്ചത് ഏഴ് മണിക്കൂറുകൾ വൈകി. നിലമ്പൂർ മുണ്ടേരി കുമ്പളപാറ ആദിവാസി കോളനിയിലെ സുനിലിന്‍റെ ഭാര്യ സുമിത്രയെയാണ് മണിക്കൂറുകൾ വൈകി ആശുപത്രിയിൽ എത്തിച്ചത്.
യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിലേക്ക് കൊണ്ടുപോകുമ്പോഴാണ് ആനക്കൂട്ടം വഴിമുടക്കിയത്. തുടർന്ന് മുള ചേര്‍ത്തുകെട്ടി അതില്‍ കിടത്തി തോളിലേറ്റി വനത്തിലൂടെ ഏഴ് കിലോമീറ്ററോളം താണ്ടി കോളനിവാസികൾ മുണ്ടേരിയിലെ പുഴക്കരയിൽ എത്തിച്ചു. ഇതിനിടെ വീണ്ടും കാട്ടാനക്കൂട്ടം പ്രത്യക്ഷപ്പെട്ടു.
പുലർച്ചെ രണ്ട് മണിയോടെ ഇവർ ഇരുട്ടുകുത്തിയിലെ വനം വകുപ്പ് ഓഫിസിൽ എത്തി. ഇവിടെ നിന്ന് വനപാലകർ വിവരമറിയിച്ചതിനെ തുടർന്ന് പോത്തുകൽ ഗ്രാമപഞ്ചായത്തംഗം സലൂബ് ജലീൽ ആംബുലൻസുമായെത്തി. ഒടുവില്‍ ഇതില്‍ പുലർച്ചെ മൂന്ന് മണിയോടെയാണ് യുവതിയെ നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ചത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.