കോണ്‍ഗ്രസിന്‍റെ ഉരുക്കുകോട്ടയായ മണ്ഡലം. 1977 മുതല്‍ 10 തെരഞ്ഞെടുപ്പുകളില്‍ ഒരിക്കല്‍ മാത്രം സിപിഎം സ്ഥാനാര്‍ഥിയെ നിയമസഭയിലെത്തിച്ച ചരിത്രം. പട്ടികജാതി സംവരണ മണ്ഡലമായ വണ്ടൂരില്‍ തുടര്‍ച്ചയായ അഞ്ചാം ജയം ലക്ഷ്യമിട്ട് എ.പി അനില്‍ കുമാറിനെ തന്നെയാകും യുഡിഎഫ് മത്സരത്തിനിറക്കുക.
മണ്ഡല ചരിത്രം
ചോക്കാട്, കാളികാവ്, കരുവാരകുണ്ട്, മമ്പാട്, പോരൂര്‍, തിരുവാലി, തുവ്വൂര്‍, വണ്ടൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് വണ്ടൂര്‍ നിയമസഭ മണ്ഡലം. പട്ടികജാതി മണ്ഡലമാണിത്. 1977ലാണ് മണ്ഡലം രൂപം കൊണ്ടത്. 2008ലെ പുനര്‍നിര്‍ണയത്തിന് മുമ്പ് പാണ്ടിക്കാട്, എടവണ്ണ, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തുകള്‍ മണ്ഡലത്തിന്‍റെ ഭാഗമായിരുന്നു. ആകെ 2,17,344 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. 107321പേര്‍ പുരുഷന്മാരും 110023 പേര്‍ സ്ത്രീകളുമാണ്.
മണ്ഡല രാഷ്ട്രീയം
1977ലെ ആദ്യ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ വെള്ള ഈച്ചരന്‍ നിയമസഭയിലെത്തി. 1980ല്‍ എംഎ കുട്ടപ്പനിലൂടെ കോണ്‍ഗ്രസ് സീറ്റ് നിലനിര്‍ത്തി. 1982 മുതല്‍ 1991 തെരഞ്ഞെടുപ്പ് വരെ പന്തളം സുധാകരനിലൂടെ കോണ്‍ഗ്രസ് മണ്ഡലത്തില്‍ സ്വാധീനം ഉറപ്പിച്ചു. 1977 മുതല്‍ കോണ്‍ഗ്രസ് കയ്യടക്കി വെച്ചിരുന്ന മണ്ഡലം 1996ല്‍ സിപിഎം നേടി. സിറ്റിങ് എംഎല്‍എ പന്തളം സുധാകരനെ തോല്‍പ്പിച്ചാണ് എന്‍ കണ്ണന്‍ അട്ടിമറി ജയം നേടിയത്.
2001 മുതല്‍ നാല് തെരഞ്ഞെടുപ്പുകളില്‍ എ.പി അനില്‍ കുമാറിന്‍റെ തുടര്‍ജയങ്ങള്‍ക്കാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. 2001ല്‍ വണ്ടൂരിലെ ആദ്യ മത്സരത്തില്‍ സിറ്റിങ് എംഎല്‍എയായ സിപിഎമ്മിന്‍റെ എന്‍ കണ്ണനെ തോല്‍പിച്ച് അനില്‍ കുമാര്‍ നിയമസഭയിലെത്തി. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ സാംസ്കാരിക വകുപ്പിന്‍റെയും പിന്നോക്ക ക്ഷേമത്തിന്‍റെയും ചുമതല ലഭിച്ചു. 2006ല്‍ 17,161 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സീറ്റ് നിലനിര്‍ത്തി. കോരമ്പയില്‍ ശങ്കരനെതിരെയായിരുന്നു അനില്‍കുമാറിന്‍റെ ജയം.