കേരളം

kerala

ETV Bharat / city

ഓർമയില്‍ കനലായി മനസാക്ഷി മരവിച്ച കൂട്ടക്കൊല, വാഗൺ ട്രാജഡിക്ക് 100 വയസ് - India Freedom Struggle

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ സമാനതകളില്ലാത്ത ബ്രിട്ടീഷ് ക്രൂരത. വാഗൺ ട്രാജഡിയുടെ നടുക്കുന്ന ഓർമകൾക്ക് 100 വയസ്.

100 years of Wagon Tragedy  Malabar Rebellion  Indian Independence  വാഗൺ ട്രാജഡിക്ക് 100 വയസ്  വാഗൺ ട്രാജഡി  മലബാർ കലാപം  ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം  ബ്രിട്ടീഷ് ഭരണകൂടം  പുലാമന്തോള്‍ പാലം  black chapter in the history of the freedom struggle  India Freedom Struggle  Independence day
ഓർമയില്‍ കനലായി മനസാക്ഷി മരവിച്ച കൂട്ടക്കൊല, വാഗൺ ട്രാജഡിക്ക് 100 വയസ്

By

Published : Sep 11, 2021, 6:02 AM IST

1921 നവംബര്‍ 20

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ജന്മിമാർക്കും ബ്രിട്ടീഷുകാർക്കും എതിരെ പ്രക്ഷോഭങ്ങൾ ശക്തിപ്പെടുന്നു. കേരളത്തിന്‍റെ വടക്കൻ മേഖലയില്‍ മലബാർ കലാപം എന്ന പേരില്‍ പ്രശസ്തമായ സമരങ്ങൾക്ക് എതിരെ ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റും മർദന മുറകളും സ്വീകരിച്ചെങ്കിലും സമരം വീണ്ടും ശക്തമായി. അറസ്റ്റ് ചെയ്യപ്പെടുന്നവരെ തടവിലാക്കാൻ കേരളത്തിന് പുറത്തേക്ക് കൊണ്ടുപോയിത്തുടങ്ങി.

അടച്ചിട്ട ചരക്കു ട്രെയിനുകളായിരുന്നു തടവുകാരെ കൊണ്ടുപോകാൻ പ്രധാനമായി ഉപയോഗിച്ചിരുന്നത്. 1921 നവംബര്‍ 20ന് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കർണാടകയിലെ ബെല്ലാരി ജയിലിലേക്ക് റെയില്‍വേയുടെ ചരക്ക് വാഗണില്‍ നൂറിലധികം തടവുകാരുമായി ട്രെയിൻ യാത്ര പുറപ്പെട്ടു. മലപ്പുറം -പാലക്കാട് ജില്ലകളുടെ അതിർത്തിയിലെ പുലാമന്തോള്‍ പാലം പൊളിച്ചെന്നായിരുന്നു തടവിലാക്കപ്പെട്ടവർക്കു മേല്‍ ചുമത്തിയ കുറ്റം.

ജീവന് വേണ്ടി നിലവിളിച്ചവർ

കാറ്റും വെളിച്ചവും കടക്കാത്ത വാഗണില്‍ കുത്തിനിറച്ച തടവുകാർ ശ്വാസം ലഭിക്കാതെ നിലവിളിക്കാൻ തുടങ്ങി. ട്രെയിൻ പാലക്കാട് ജില്ലയിലെ ഷൊർണൂരും ഒലവക്കോടും നിർത്തിയെങ്കിലും വാഗൺ തുറക്കാനോ ശ്വാസം ലഭിക്കാൻ മറ്റ് മാർഗ്ഗങ്ങൾ ഒരുക്കാനോ ബ്രിട്ടീഷ് പട്ടാളം തയ്യാറായില്ല. മരണ വെപ്രാളത്തില്‍ തടവുകാരുടെ നിലവിളി കടന്നുപോയ റെയില്‍വേ സ്റ്റേഷനുകളില്‍ മുഴങ്ങിയെങ്കിലും തമിഴ്‌നാട്ടിലെ പോത്തന്നൂർ സ്റ്റേഷനിലാണ് ട്രെയിൻ ഒടുവില്‍ നിർത്തിയത്.

ഓർമയില്‍ കനലായി മനസാക്ഷി മരവിച്ച കൂട്ടക്കൊല, വാഗൺ ട്രാജഡിക്ക് 100 വയസ്

അപ്പൊഴേക്കും സംഭവിച്ചത് ജാലിയൻ വാലാബാഗിനേക്കാൾ അത്യന്തം നികൃഷ്ടവും നീചവുമായ കൂട്ടക്കൊലയായിരുന്നു എന്നാണ് ചരിത്രകാരൻമാർ വാഗൺ ട്രാജഡിയെ വിശേഷിപ്പിച്ചത്. എഴുപത് മനുഷ്യര്‍ ഉച്ചത്തില്‍ അലറി കരഞ്ഞു, ജീവനായി നിലവിളിച്ചു, ശ്വാസത്തിനായി പോരാടി മരിച്ചു. ജീവന്‍റെ അംശം ശേഷിച്ചവരെ ബ്രിട്ടീഷ് സൈന്യം ആശുപത്രിയിലേക്കും പിന്നീട് ജയിലിലേക്കും മാറ്റി. വാഗണിനുള്ളിലെ അതിദാരുണ ദൃശ്യം ബ്രിട്ടീഷ് പട്ടാളത്തെ പോലും ഞെട്ടിച്ചിരുന്നു. മൃതദേഹങ്ങൾ നിറഞ്ഞ വാഗൺ പോത്തന്നൂരില്‍ നിന്ന് തിരൂരിലേക്ക് തിരിച്ചയയ്ക്കാനാണ് റെയില്‍വേ ഉദ്യോഗസ്ഥർ നിർദേശിച്ചത്.

ഓർമയില്‍ കനലായി

100 വർഷം പിന്നിടുമ്പോഴും കിരാത കൂട്ടകൊലയുടെ ശേഷിപ്പുകള്‍ ഇന്നും തിരൂരിന് നീറുന്ന ഓര്‍മയാണ്. പോത്തന്നൂരില്‍ നിന്ന് തിരിച്ചയച്ച വാഗണിലുണ്ടായിരുന്ന 44 പേരുടെ മൃതദേഹങ്ങൾ തിരൂർ കോരങ്ങാട്ട് ജുമാ മസ്ജിദിലും 11 പേരെ കോട്ട് ജുമുഅ മസ്ജിദിലുമാണ് ഖബറടക്കിയത്. അന്ന് ഖബറടക്കത്തിന് നേതൃത്വം നല്‍കിയ തൂമ്പേരി ആലിക്കുട്ടിയില്‍ നിന്ന് കേട്ടറിഞ്ഞ കഥകള്‍ ഇന്നും തിരൂരിന്‍റെ മനസിലുണ്ട്. 1981ല്‍ പ്രസിദ്ധീകരിച്ച "വാഗൺ ട്രാജഡി" എന്ന സ്‌മരണികയില്‍ കൂട്ടക്കൊലയില്‍ നിന്ന് അത്‌ഭുതകരമായി രക്ഷപ്പെട്ട കൊന്നോല അഹമ്മദ് ഹാജിയുടെ ഓർമകൾ ഇങ്ങനെയാണ്..

" ബ്രിട്ടീഷ് പട്ടാളം പിടിച്ചുകൊണ്ടുവന്ന തടവുകാരെ തിരൂർ റെയില്‍വേ സ്റ്റേഷനിലെത്തിച്ചു. അറുന്നൂറോളം തടവുകാരുണ്ടായിരുന്നു. വാഗണിലേക്ക് തടവുകാരെ കുത്തിനിറയ്ക്കാൻ തുടങ്ങി. നൂറോളം പേർ ആയപ്പോഴേക്കും വാഗൺ നിറഞ്ഞു. തലയിണയില്‍ പഞ്ഞി നിറയ്ക്കുന്നതു പോലെയാണ് വാഗണിലേക്ക് തടവുകാരെ കുത്തി നിറച്ചത്. പലരും ഒറ്റക്കാലിലാണ് നിന്നത്. തോക്കിൻ ചട്ടകൊണ്ട് തടവുകാരെ അമർത്തി തള്ളി വാതില്‍ അടച്ചു.

വാഗൺ യാത്ര തുടങ്ങി. വെളിച്ചവും വായുവും കടക്കാത്ത വാഗണില്‍ തടവുകാർ ശ്വാസം കിട്ടാതെ നിലവിളിക്കാൻ തുടങ്ങി. കടുത്ത ദാഹം. പലരും മേല്‍ക്കുമേല്‍ വീഴാൻ തുടങ്ങി. അറിയാതെ മലമൂത്രവിസർജനം. വിയർപ്പും മൂത്രവും നക്കിക്കുടിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അന്യോന്യം മാന്തിപ്പറിക്കാനും കടിച്ചുവലിക്കാനും ശ്രമം.

മരണ വെപ്രാളത്തില്‍ വാഗണില്‍ കണ്ടെത്തിയത് ഇളകിപ്പോയ ആണിയുടെ പഴുതുള്ള ദ്വാരം. അതില്‍ മാറി മാറി മൂക്കുവെച്ച് ശ്വാസം കണ്ടെത്തി. കുറെ കഴിഞ്ഞപ്പോൾ ബോധം പോയി. ബോധം തെളിഞ്ഞപ്പോൾ വാഗൺ നിറയെ മലവും മൂത്രവും രക്തവും നിറഞ്ഞ് അതില്‍ കുറെ മൃതദേഹങ്ങൾ. വാഗണിലേക്ക് ആരോ തണുത്ത വെള്ളം കോരിയൊഴിച്ചു. തണുത്തുവിറങ്ങലിക്കാൻ തുടങ്ങി. കോയമ്പത്തൂരിലെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ജീവനുണ്ടെന്ന് മനസിലായത്".

മൃതദേഹങ്ങളുമായി തിരികെ അയച്ച വാഗൺ തിരൂരിലെത്തി തുറന്നപ്പോൾ രൂക്ഷ ഗന്ധം. അന്യോന്യം കെട്ടിപ്പിടിച്ച് കിടന്ന 64 മൃതദേഹങ്ങൾ. കൂട്ടക്കൊലയുടെ നടുക്കുന്ന ഓർമയായി തിരൂർ മുൻസിപ്പല്‍ ടൗൺ ഹാളിന് വാഗണിന്‍റെ രൂപമാണ് നല്‍കിയിരിക്കുന്നത്. ലൈബ്രറികൾ, സ്കൂൾ കെട്ടിടങ്ങൾ എന്നിവയ്ക്കും വാഗൺ ട്രാജഡിയുടെ ഓർമയില്‍ ആ രൂപം നല്‍കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details