മലപ്പുറം: വേനല്‍ തുടങ്ങാനിരിക്കെ ചാലിയാറില്‍ നീരൊഴുക്ക് കുറയുന്നത് ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തുന്നു. ചാലിയാറിനെ ആശ്രയിച്ച് നിരവധി കുടിവെള്ള പദ്ധതികളാണ് പ്രവര്‍ത്തിക്കുന്നത്. വരും മാസങ്ങളില്‍ വേനല്‍ ശക്തമാകുന്നതോടെ മേഖലയെ കാത്തിരിക്കുന്നത് കടുത്ത ജലക്ഷാമമാകും. വടപുറം തടയണ തകര്‍ന്നതോടെ പുഴ ഓടായിക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജിന്‍റെ താഴെ മുതല്‍ ഒരുഭാഗം മാത്രമായി ചെറിയ ചാലായാണ് ഒഴുകുന്നത്.
ചാലിയാറില്‍ നീരൊഴുക്ക് കുറഞ്ഞു; ജലക്ഷാമ ഭീഷണിയില്‍ പ്രദേശവാസികള്‍ - summer season chaliyar river
ചാലിയാറിലെ പ്രധാന കുടിവെള്ള പദ്ധതികളുടെ വൃഷ്ടി പ്രദേശങ്ങളില്‍ സ്ഥിരം തടയണകള്‍ നിര്‍മിക്കണമെന്ന ആവശ്യം നിരന്തരമായി അധികൃതര്‍ അവഗണിക്കുകയാണെന്ന പരാതിയും ശക്തമാണ്.
നിലമ്പൂര്‍ - എടവണ്ണ സമഗ്ര കുടിവെള്ള പദ്ധതി, ലിഫ്റ്റ് ഇറിഗേഷന്‍ - മൂര്‍ക്കനാട് മേജര്‍ കുടിവെള്ള പദ്ധതി തുടങ്ങി ചെറുതും വലുതുമായ നിരവധി കുടിവെള്ള - കാര്‍ഷിക ജലസേചന പദ്ധതികള്‍ ചാലിയാര്‍ പുഴയെ ആശ്രയിക്കുന്നുണ്ട്. പുഴ വറ്റുന്നതോടെ കര്‍ഷകര്‍ അടക്കമുള്ള ആയിരകണക്കിന് കുടുംബങ്ങളാണ് കടുത്ത ജലക്ഷാമത്തിനിരയാകുക. കോടികള്‍ മുടക്കി നിര്‍മിച്ച തോണിക്കടവ് തടയണ ഒരു വര്‍ഷം യുദ്ധകാലാടിസ്ഥാനത്തില്‍ പുനര്‍നിര്‍മിക്കുമെന്ന് വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെങ്കിലും നടപ്പായില്ല.
കഴിഞ്ഞ വേനലില്‍ ലക്ഷങ്ങള്‍ ചെലവിട്ട് നൂറുകണക്കിന് മണല്‍ച്ചാക്കുകള്‍ പുഴയില്‍ തടയണ തകര്‍ന്ന ഭാഗത്ത് ഇട്ടിരുന്നു. ഇത് കഴിഞ്ഞ പ്രളയത്തില്‍ ഒഴുകിപോകുകയും ചെയ്തു. പുഴയില്‍ നീരൊഴുക്ക് കുറഞ്ഞതോടെ തീരങ്ങളിലെ കിണറുകള്‍ പോലും വറ്റിയ നിലയിലാണ്. ചാലിയാറിലെ പ്രധാന കുടിവെള്ള പദ്ധതികളുടെ വൃഷ്ടി പ്രദേശങ്ങളില്‍ സ്ഥിരം തടയണകള്‍ നിര്‍മിക്കണമെന്ന ആവശ്യം നിരന്തരമായി അധികൃതര്‍ അവഗണിക്കുകയാണെന്ന പരാതിയും ശക്തമാണ്.