മലപ്പുറം: മലപ്പുറം മുത്തപ്പന്‍മലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ 60 പേരെ കാണാതായി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ നാല് പേരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു. കവളപ്പാറ തോടിന് സമീപം താമസിക്കുന്ന കോളനിയിലെ മാതി, ചെറുമകന്‍ ഗോകുല്‍, പട്ടേരി തോമസിന്‍റെ അഞ്ച് വയസ്സുള്ള മകള്‍, ആറു വയസ്സുള്ള മറ്റൊരു കുട്ടി എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്. രണ്ട് പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
മുത്തപ്പന്‍മലയില്‍ ഉരുള്‍പൊട്ടല്‍; 60 പേരെ കാണാതായി - മുത്തപ്പന്‍മലയില്‍ ഉരുള്‍പൊട്ടല്‍
കവളപ്പാറ തോടിന്‍റെ ഇരുകരയിലേയും രണ്ട് കോളനികളിലെ 30 വീടുകളാണ് മണ്ണിനടിയിലായത്.
വ്യാഴാഴ്ച ഏഴരക്കാണ് ആദ്യം ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത്. മുത്തപ്പന്‍മല രണ്ടായി പിളര്‍ന്ന് വെള്ളം കുത്തിയൊഴുകി. വീടുകളെല്ലാം മണ്ണിനടിയിലായി. കവളപ്പാറ തോടിന്‍റെ ഇരുകരയിലേയും രണ്ട് കോളനികളിലെ 30 വീടുകളാണ് മണ്ണിനടിയിലായത്. വെള്ളിയാഴ്‌ച ഉച്ചയോടെയാണ് രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഇവിടേക്ക് എത്താനായത്. സമീപത്തെ പാതാറിലും ഉരുള്‍പൊട്ടി. ഏഴുപേര്‍ മണ്ണിനടിയില്‍ പെട്ടു. റോഡ് ഗതാഗതം മുടങ്ങിയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ രക്ഷാദൗത്യത്തില്‍ സഹായിക്കാന്‍ കഴിയുന്നവര്‍ മാത്രമേ കവളപ്പാറയിലേക്ക് എത്താവൂവെന്നാണ് അധികൃതരുടെ നിര്‍ദേശം.