മലപ്പുറം: വയനാട് ജില്ലയുടെ ഭാഗമായ മലപ്പുറം ജില്ലയിലെ നാലു സ്ഥലങ്ങളിൽ രാഹുൽഗാന്ധി വോട്ടർമാരോട് നന്ദി പറയാനെത്തി. നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകിയാണ് എല്ലാ സ്ഥലങ്ങളിലും രാഹുൽ ഗാന്ധിയുടെ റോഡ് ഷോ ആരംഭിച്ചത്. ശക്തമായ ഇടിയോടുകൂടിയ കനത്ത മഴയെ അവഗണിച്ചാണ് സ്ത്രീകളും കുട്ടികളുമുൾപ്പടെ ആയിരക്കണക്കിന് പ്രവർത്തകർ രാഹുൽഗാന്ധിയെ സ്വീകരിക്കാനായി വിവിധ കേന്ദ്രങ്ങളിലെത്തിയത്. നാളെ വയനാട് ജില്ലയിൽ രാഹുൽ സന്ദർശനം നടത്തും.
ആവേശമായി രാഹുൽ ഗാന്ധിയുടെ റോഡ് ഷോ - വയനാട്
നിശ്ചയിച്ചതിലും ഒരു മണിക്കൂർ വൈകിയാണ് രാഹുലിന്‍റെ റോഡ് ഷോ ആരംഭിച്ചതെങ്കിലും പ്രവർത്തകരുടെ ആവേശത്തിന് ഒട്ടും കുറവില്ലായിരുന്നു.
ചരിത്ര ഭൂരിപക്ഷം നൽകി വയനാടിന്‍റെ മണ്ണിൽ തന്നെ വിജയിപ്പിച്ച വോട്ടർമാർക്ക് രാഹുൽ ഗാന്ധി സ്വീകരണ യോഗത്തിൽ നന്ദി രേഖപ്പെടുത്തി. സംസ്ഥാനത്തിന്‍റെയും വയനാട്ടിലെയും പ്രശ്നങ്ങൾ ലോക്സഭയ്ക്ക് അകത്തും പുറത്തും അവതരിപ്പിക്കാൻ താൻ ഉണ്ടാകുമെന്ന് ഓരോ സ്വീകരണ യോഗത്തിലും രാഹുൽ വ്യക്തമാക്കി.
രണ്ടര കിലോമീറ്ററോളം റോഡിന്‍റെ ഇരുകരകളിലും തിങ്ങിനിറഞ്ഞ പ്രവർത്തകരും സ്ത്രീകളും കുട്ടികളും റോഡ് ഷോയുടെ ആവേശം വർധിപ്പിച്ചു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറിമാരായ മുകൾ വാസ്നിക്, കെ സി വേണുഗോപാൽ, മുസ്ലിം ലീഗ് നേതാക്കൾ, എംഎൽഎമാർ എന്നിവർ റോഡ്ഷോയിൽ പങ്കാളികളായി.