മലപ്പുറം : ഒരു എഫോർ ഷീറ്റില്‍ 6,317 വാക്കുകൾ എഴുതി റെക്കോഡിട്ട് മലപ്പുറം സ്വദേശി മുത്വിഹുൽ ഹഖ്. ലെൻസ് ഉപയോഗിച്ച് പോലും കാണാൻ പ്രയാസമുള്ള 36,580 നാനോ അക്ഷരങ്ങളാണ് കൽപകഞ്ചേരി സ്വദേശിയായ ഈ കോളജ് അധ്യാപകൻ ഒരു എഫോർ ഷീറ്റില്‍ നിറച്ചത്.
രാജ്യത്തിന്‍റെ 11ാമത് രാഷ്ട്രപതിയായിരുന്ന അബ്ദുൾ കലാമിന്‍റെ ആത്മകഥയായ 'അഗ്നിച്ചിറകുകൾ' എന്ന കൃതിയുടെ ആദ്യ ഭാഗങ്ങളാണ് എഴുതിയത്. ഈ ശ്രമം മുത്വിഹുൽ ഹഖിന് ഇന്ത്യൻ ബുക്ക് ഓഫ് റോക്കോഡ്‌സിൽ ഇടം നേടിക്കൊടുത്തു. ഈ വിഭാഗത്തിൽ റെക്കോഡിടുന്ന ആദ്യ ഇന്ത്യക്കാരനുമായി ഈ അധ്യാപകന്‍.
കൊവിഡ് പോസിറ്റീവായി ക്വാറന്‍റൈനിലായിരുന്ന സമയത്ത് തോന്നിയ ബുദ്ധിയാണ് റെക്കോര്‍ഡിലെത്തിച്ചതെന്ന് മുത്വിഹുല്‍ പറയുന്നു. ഒരുപാട് ചിന്തകൾക്ക് ശേഷം ഒരു എഫോർ ഷീറ്റ് പേപ്പറിൽ പരമാവധി അക്ഷരങ്ങൾ എഴുതി ചേർക്കാൻ തീരുമാനിച്ചു. നാനോ അക്ഷരം എഴുകാൻ കഴിയുന്ന പേന സംഘടിപ്പിക്കുകയും കലാമിന്‍റെ ആത്മകഥ പകര്‍ത്തുകയും ചെയ്‌തു.