മലപ്പുറം: ഓതായി മനാഫ് വധക്കേസില്‍ മുഖ്യപ്രതി 25 വര്‍ഷത്തിന് ശേഷം പിടിയിലായി. പി.വി അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രനായ എടവണ്ണ മാലങ്ങാടന്‍ ഷെഫീഖ് (50) ആണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായത്. ഇന്ന് രാവിലെ 7.50 ന് ഷാര്‍ജയില്‍ നിന്നും ചാര്‍ട്ടേഡ് വിമാനത്തിലാണ് ഷെഫീഖ് കരിപ്പൂരിലെത്തിയത്.
1995 ഏപ്രില്‍ 13നാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായ മനാഫിനെ കുത്തിക്കൊലപ്പെടുത്തിയത്. പിതാവ് ആലിക്കുട്ടിയുടെ മുമ്പിലായിരുന്നു കൊലപാതകം. പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസിറക്കിയതോടെയാണ് ഷെഫീഖിന്‍റെ സഹോദരനായ മൂന്നാം പ്രതി മാലങ്ങാടന്‍ ഷെരീഫ് (51), കൂട്ടുപ്രതികളായ എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍ (45), കോട്ടപ്പുറം മുനീബ് (45) എന്നിവര്‍ കീഴടങ്ങിയത്.
2018 ജൂലായ് 25ന് ലുക്കൗട്ട് നോട്ടീസിറക്കി ഷെഫീഖിനെ ഇന്‍റര്‍പോള്‍ സഹായത്തോടെ പിടികൂടാന്‍ മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെ ഇയാളുടെ ദുബായില്‍ നിന്നുള്ള ദൃശ്യങ്ങള്‍ മനാഫിന്‍റെ കുടുംബം പൊലീസിന് കൈമാറിയിരുന്നു. ഷെഫീഖിനെ പിടികൂടണമെന്നാവശ്യപ്പെട്ട് മനാഫിന്‍റെ കുടുംബം സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരവും നടത്തിയിരുന്നു.
കേസിലെ ഒന്നാം സാക്ഷി കൂറുമാറിയതോടെയാണ് രണ്ടാം പ്രതിയായിരുന്ന പി.വി അന്‍വറടക്കമുള്ള 21 പേരെ വിചാരണക്കോടതി വെറുതെവിട്ടത്. പ്രോസിക്യൂഷനും പ്രതിഭാഗവും ഒത്തുകളിച്ചെന്ന ഗുരുതര ആരോപണവും ബന്ധുക്കള്‍ ഉയര്‍ത്തിയിരുന്നു. വിചാരണക്കോടതിയുടെ വിധി റദ്ദാക്കി ഇവര്‍ക്ക് ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ അപ്പീലും മനാഫിന്‍റെ സഹോദരന്‍ അബ്ദുല്‍റസാഖിന്‍റെ റിവിഷന്‍ ഹര്‍ജിയും ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. പിടിയിലായവരെ വിചാരണ ചെയ്യാന്‍ സഹോദരന്‍ നിര്‍ദേശിക്കുന്ന അഭിഭാഷക പാനലില്‍ നിന്നും രണ്ടു മാസത്തിനകം സ്‌പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടില്ല.