മലപ്പുറം: മണ്ണിടിച്ചിലിനെ തുടര്‍ന്ന് വീടിന്‍റെ സുരക്ഷ മതില്‍ തകര്‍ന്നതോടെ ദുരിതത്തിലായി മലപ്പുറം കാവനൂരില്‍ ഒരു കുടുംബം. കാവനൂർ സ്വദേശി മണികണ്‌ഠനും കുടുംബവുമാണ് സ്വന്തം വീട്ടില്‍ ഭീതിയോടെ കഴിയുന്നത്.
മണ്ണിടിച്ചിലില്‍ തകര്‍ന്ന് സുരക്ഷ മതില്‍
ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട മണികണ്‌ഠന് കുന്നിൻ പുറത്ത് പഞ്ചായത്ത് വീട് നിർമിച്ച് നൽകിയത്. ഇക്കഴിഞ്ഞ ജൂൺ 14 നാണ് വീടിന്‍റെ സുരക്ഷ മതില്‍ മണ്ണിടിഞ്ഞ് തകർന്നത്. ഇതിന് പിന്നാലെ മഴ ശക്തമായതോടെ വീടിന് ചുറ്റും പലയിടങ്ങളിലായി വിള്ളലും കണ്ടെത്തി.
മണ്ണിടിച്ചിലില്‍ ഇവരുടെ വീടിന് താഴെ ഭാഗത്ത് താമസിയ്ക്കുന്ന സുബ്രഹ്മണ്യന്‍റെ വീട്ടിലെ ശുചിമുറി പൂർണമായും തകരുകയും വീടിന്‍റെ അടുക്കള ഭാഗം മണ്ണിനടിയിൽപ്പെട്ട് വൻ നാശനഷ്‌ടം ഉണ്ടാവുകയും ചെയ്‌തിരുന്നു.
ഭീതിയോടെ മണികണ്‌ഠനും കുടുംബവും
വീടിന്‍റെ ആധാരം ബാങ്കിൽ പണയപ്പെടുത്തിയാണ് താഴ്‌ചയുള്ള ഭാഗത്ത് സുരക്ഷ മതിൽ നിർമിച്ചത്. എന്നാൽ വായ്‌പ തിരിച്ചടയ്ക്കുന്നതിന് മുമ്പ് തന്നെ മതിൽ തകർന്നു വീണ് വീടിന് തന്നെ ഭീഷണിയായി മാറിയിരിയ്ക്കുകയാണെന്ന് മണികണ്‌ഠൻ പറയുന്നു. ഭീതിയോടെയാണ് ഭാര്യയും നാലു മക്കളും അടങ്ങുന്ന മണികണ്‌ഠന്‍റെ കുടുംബം ഇവിടെ താമസിയ്ക്കുന്നത്.
മതിൽ തകർന്ന് സമീപത്തെ വീട്ടിലേക്ക് ഇടിഞ്ഞു വീണപ്പോൾ വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ളവർ വീട് സന്ദർശിച്ച് വേണ്ട നടപടികൾ സ്വീകരിയ്ക്കാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്ന് മണികണ്‌ഠൻ പറയുന്നു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് അധികൃതർ അടിയന്തരമായി തങ്ങളെ ഇവിടെ നിന്ന് മാറ്റി പാർപ്പിയ്ക്കുകയോ സുരക്ഷ മതിൽ പുനര്‍ നിര്‍മിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിയ്ക്കുകയോ ചെയ്യണമെന്നാണ് മണികണ്‌ഠന്‍റെ ആവശ്യം.
Also read: മലപ്പുറത്ത് 1800 പേര്‍ക്ക് വൈദഗ്ധ്യ പരിശീലനം നല്‍കി ജോലി ഉറപ്പുവരുത്തുമെന്ന് എം.പി