മലപ്പുറം: അബുദാബിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം സ്വദേശിയായ യുവതിയുടെ മരണത്തിൽ ദുരൂഹത. കുറ്റിപ്പുറം രാങ്ങാട്ടൂർ സ്വദേശി അഫീലയയുടെ മരണം ഭർതൃപീഡനം മൂലമാണെന്ന ആരോപണവുമായി ബന്ധുക്കൾ. മരിക്കുന്നതിന് മുൻപ് പെൺകുട്ടി കരഞ്ഞുകൊണ്ട് ശബ്ദ സന്ദേശവും മർദനമേറ്റ നിലയിലുള്ള ചിത്രങ്ങളും അയച്ചിരുന്നായി ബന്ധുക്കൾ വെളിപ്പെടുത്തി.
അബുദാബിയിൽ യുവതിയിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർതൃപീഡനം മൂലമെന്ന് ആരോപണം ഭർത്താവ് തന്നെ ക്രൂരമായി മർദ്ദിക്കുന്നുണ്ടെന്ന് ശബ്ദ സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. കടലുണ്ടി സ്വദേശിയായ ഭർത്താവിന്‍റെ ഉപദ്രവം നാലു വയസുകാരനായ ആൺകുട്ടിക്ക് മുന്നിൽ വച്ചായിരുന്നു എന്നും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. എട്ടുവർഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇതിനിടെ ഉണ്ടായ ചില തർക്കങ്ങൾ നാട്ടുകാർ ഇടപെട്ട് ഒത്തുതീർപ്പാക്കി.
പിന്നീട് കഴിഞ്ഞ മാർച്ചിലാണ് അഫീലയെ ഭർത്താവ് ഗൾഫിലേക്ക് കൊണ്ടുപോകുന്നത്. ആദ്യ ഒരു മാസം പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ശാരീരിക പീഡനങ്ങൾ ആരംഭിച്ചു. പീഡനത്തെ തുടർന്ന് തനിക്കുണ്ടായ പരിക്കുകളുടെ ചിത്രങ്ങൾ യുവതി ബന്ധുക്കൾക്ക് അയച്ചുകൊടുത്തു. കടുത്ത പീഡനമാണ് തനിക്ക് ഉണ്ടായതെന്ന് ഓഡിയോ സന്ദേശത്തിലൂടെയും യുവതി പങ്കുവച്ചു.
ഇതിനു തൊട്ടുപിന്നാലെയായിരുന്നു യുവതിയുടെ ദുരൂഹമരണം. ആദ്യം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും പിന്നീട് മരിച്ച നിലയിൽ ശുചിമുറിയിൽ കാണപ്പെടുകയായിരുന്നു എന്നും ഭർത്താവ് മൊഴി നൽകി. ഇതാണ് ദുരൂഹത വർധിക്കാൻ കാരണമായത്.
നാട്ടിലെത്തിച്ച മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം ചെയ്തതിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. ഭർതൃപീഡനം മൂലം നടന്ന അസ്വാഭാവിക മരണമാണ് ഇതെന്നാണ് പൊലീസിന്‍റെ നിഗമനം. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിൽ കുറ്റിപ്പുറം എസ്എച്ച്ഒയ്ക്കാണ് അന്വേഷണച്ചുമതല.