മലപ്പുറം: തീരദേശമേഖലയിലെ മണ്ണിലും പൂ കൃഷി നടത്താമെന്ന് എന്ന് തെളിയിച്ചിരിക്കുകയാണ് നിറമരുതൂർ പഞ്ചായത്ത് ഗ്രാമിക കർഷക കൂട്ടായ്മ. ഓണവിപണി ലക്ഷ്യംവെച്ച് തെങ്ങിന് ഇടവിള എന്ന രീതിയിൽ നിറമരുതൂർ ഉണ്യാലിൽ ഒരുക്കിയ ജമന്തി വിളവെടുപ്പിന് തയ്യാറായി. തെങ്ങിൻ തോട്ടങ്ങളിൽ വിവിധ തരം ഇടവിളകൾ പ്രോത്സാഹിപ്പിക്കുക അതു വഴി തെങ്ങിന്‍റെ ഉത്പാദന ക്ഷമതയും കർഷകന്‍റെ വരുമാനവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിന്‍റെ സുഭിക്ഷ കേരളം പദ്ധതിയുടെ കീഴിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തിയാണ് കൃഷിക്ക് തുടക്കമിട്ടത്.
തെങ്ങിന് ഇടവിളയായി പൂ കൃഷി; ഉണ്യാലിൽ ജമന്തി വസന്തം - മലപ്പുറം വാര്‍ത്തകള്‍
നിറമരുതൂർ പഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും നേതൃത്വത്തിലാണ് പൂ കൃഷി.
നിറമരുതൂർ പഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും നേതൃത്വത്തിലാണ് കൃഷി. ഇൻഡസ് കമ്പനിയുടെ പോമ്പോൺ വിഭാഗത്തിൽ വരുന്ന മഞ്ഞ, ഓറഞ്ച് ഇനങ്ങളിലുള്ള പൂക്കളാണ് ഉണ്യാലിൽ വിരിഞ്ഞു നിൽക്കുന്നത്. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഒരുക്കിയിട്ടുള്ള അഞ്ചോളം മാതൃക തോട്ടങ്ങളിൽ നിന്നായി അഞ്ച് ടണ്ണോളം പൂക്കൾ തിരൂർ, കോഴിക്കോട് മാർക്കറ്റുകളിലെ ഓണ വിപണിയിലേക്ക് എത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണിവര്‍. കുടുംബശ്രീ പോലുള്ള ഗ്രൂപ്പുകളെ കൃഷിയിലേക്ക് ആകർഷിച്ച് 700 ഹെക്ടറോളം വരുന്ന തെങ്ങിൻ തോട്ടങ്ങളിൽ വിവിധ തരം ഇടവിളകൾ കൃഷി ചെയ്ത് കാർഷികാഭിവ്യദ്ധി കൈവരിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് നിറമരുതൂർ കൃഷി ഓഫിസർ സമീർ മുഹമ്മദ് പറഞ്ഞു. കടലിനോട് ചേർന്നു നിൽക്കുന്ന ഉണ്യാലിൽ സുഗന്ധം പരത്തി നിൽക്കുന്ന ജമന്തി കാണാനായി നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്.