മലപ്പുറം: കവളപ്പാറ ദുരന്തത്തില്‍ അമ്മയും സഹോദരങ്ങളും നഷ്ടപ്പെട്ട് അനാഥരായ കാവ്യക്കും കാര്‍ത്തികയ്ക്കും കോണ്‍ഗ്രസ് വീട് നിര്‍മിച്ച് നല്‍കി. മലപ്പുറം കലക്‌ടറേറ്റില്‍ നടന്ന ചടങ്ങില്‍ വീടിന്‍റെ താക്കോല്‍ രാഹുല്‍ ഗാന്ധി നേരിട്ട് കൈമാറി. 2018 ലെ പ്രളയത്തിലാണ് നിലമ്പൂരിലെ കവളപ്പാറ എന്ന പ്രദേശം പൂര്‍ണമായും മണ്ണിനടിയിലാവുന്നത്.
കവളപ്പാറ ദുരന്തം അനാഥരാക്കിയവര്‍ക്ക് വീട് നല്‍കി കോണ്‍ഗ്രസ്
കാവ്യക്കും കാര്‍ത്തികയ്ക്കും വേണ്ടി നിര്‍മിച്ച വീടിന്‍റെ താക്കോല്‍ മലപ്പുറം കലക്‌ടറേറ്റില്‍ നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി കൈമാറി.
ദുരന്തത്തില്‍ കവളപ്പാറയിലെ സഹോദരങ്ങളായ കാവ്യ, കാര്‍ത്തിക എന്നിവരുടെ അമ്മയും, സഹോദരങ്ങളടക്കം കുടുംബത്തിലെ അഞ്ചു പേരും മണ്ണിനടിയിലായി. കാവ്യയും കാര്‍ത്തികയും സംഭവ സമയം ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുകയായിരുന്നതിനാല്‍ അപകടത്തില്‍പെട്ടില്ല. അച്ഛന്‍ നേരത്തെ മരണപ്പെട്ടിരുന്നു. എങ്ങോട്ട് പോകണമെന്നറിയാതെ ഇരുവരും എടക്കരയിലെ ബന്ധു വീട്ടില്‍ അഭയം തേടി. തുടര്‍ന്ന് കവളപ്പാറ സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധി ഇരുവരെയും നേരിട്ട് കാണുകയും, ബുദ്ധിമുട്ട് മനസ്സിലാക്കുകയും വീട് നിര്‍മിച്ചു നല്‍കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്‌തിരുന്നു. വീട് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് കാവ്യയും കാര്‍ത്തികയും പറഞ്ഞു.