മലപ്പുറം: കാലിന് പോളിയോ ബാധിച്ച അച്ഛനെ സഹായിക്കാൻ മക്കളും. വഴിയോര പപ്പട കച്ചവടത്തെ സഹായിക്കാനാണ് സ്‌കൂൾ വിദ്യാർഥികളായ മക്കളും മുന്നിട്ടിറങ്ങുന്നത്. മൂന്നാം ക്ലാസ് വിദ്യാർഥിയായ ആസിഫും അഞ്ചാം ക്ലാസിൽ പഠിക്കുന്ന അൻഷിഫായിയുമാണ് വഴിയോരത്തേക്ക് അച്ഛനെ സഹായിക്കാനാനെത്തിയത്. മങ്കട ഗ്രാമപഞ്ചായത്തിലെ വെള്ളില ചോലക്കൽ മുസ്‌തഫക്കാണ് മക്കൾ തണലായി മാറുന്നത്.
ഒഴിവു ദിവസങ്ങളിൽ കടന്നമണ്ണയിൽ റോഡിലെ കച്ചവടത്തിനായി ഇരുവരും എത്തും. ഒന്നര വയസ്സിൽ പോളിയോ ബാധിച്ച മുസ്‌തഫയുടെ കാലുകൾക്ക് അംഗവൈകല്യമുണ്ട്. ജോലിയിൽ അച്ഛൻ ഒറ്റക്ക് കഷ്‌ടപ്പെടുന്നത് കണ്ടപ്പോഴാണ് മക്കൾ പപ്പട കച്ചവടത്തിൽ സഹായിക്കാനെത്തിയത്.
കടല കച്ചവടം ചെയ്‌തിരുന്ന മുസ്‌തഫ കൊവിഡിന് ശേഷമാണ് പപ്പട കച്ചവടത്തിലേക്ക് മാറിയത്. മലപ്പുറം ജില്ലയിലെ മക്കരപ്പറമ്പിലും കടന്നമണ്ണയിലുമാണ് നിലവിൽ ഇവർ കച്ചവടം നടത്തുന്നത്. രാവിലെയും ഉച്ചക്കും രണ്ട് നേരങ്ങളിലായി 70 പാക്കറ്റ് പപ്പടമാണ് ഇവിടെ കച്ചവടം നടക്കുന്നത്. മഞ്ചേരി പെരിന്തൽമണ്ണ റോഡിലെ വഴിയാത്രക്കാരാണ് ഈ നാലംഗ കുടുംബത്തിന്‍റെ പ്രധാന ആശ്രയം.
അച്ഛനെ പപ്പടം കച്ചവടത്തിൽ സഹായത്തിനെത്തി കുരുന്നുകൾ 15-ാം തിയ്യതി മുതൽ റെഗുലർ ക്ലാസ് ആരംഭിച്ചാൽ പിന്നെ കുട്ടികളെ കച്ചവടത്തിനായി കൊണ്ടുപോകില്ലെന്നും മുസ്‌തഫ പറയുന്നു. പെരിന്തൽമണ്ണ മഞ്ചേരി റോഡിൽ മൂവരും ചേർന്നുള്ള കച്ചവടം കൗതുക കാഴ്‌ചയായി മാറുന്നുണ്ട്. ആസിഫും അൻഷിഫായിയും കടന്നമണ്ണ എ യു.പി സ്കൂൾ വിദ്യാർഥികളാണ്.
ALSO READ:അപൂർവങ്ങളായ കൊത്തുപണികൾ, ശിലാ പാളികൾ; കാമ്പിത്താൻ മണ്ഡപം നാശത്തിന്‍റെ വക്കിൽ