മലപ്പുറം:എടവണ്ണയിൽ കടയുടമയെ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. ഇന്നലെ(06.08.2022) ഉച്ചയോടെയാണ് എടവണ്ണ സീതി ഹാജി പാലത്തിന് സമീപം മുത്തൂസ് ബേക്കറി ഉടമ റമീസിന് നേരെ അക്രമം ഉണ്ടായത്. സംഭവത്തിൽ മൂന്ന് പേർക്കാണ് പരിക്കേറ്റത്. കടയിൽ ഉണ്ടായിരുന്ന സാധനങ്ങൾ നശിപ്പിച്ചതായും പരാതിയിൽ പറയുന്നു.
എടവണ്ണയിൽ കടയുടമയെ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ് എടവണ്ണ സ്വദേശി മുബഷിർ എന്നയാളും സഹോദരനും ചേർന്നാണ് ആക്രമണം നടത്തിയത് എന്നാണ് റമീസ് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. ഉച്ചയോടെ കടയിൽ എത്തിയ മുബഷിർ അനുവാദം കൂടാതെ ഒരു കുപ്പി വെള്ളം എടുക്കുകയും പണം തരാതെ പോവുകയും ചെയ്‌തു. തുടർന്ന് ഇങ്ങനെ ആവർത്തിക്കരുതെന്ന് മുബഷീറിന് താക്കീത് നൽകി.
പിന്നാലെ കടയിൽ നിന്ന് പോയ മുബഷിർ 10 രൂപ അയച്ച് കൊടുക്കുകയും ഫോണിൽ വിളിച്ച് റമീസിനെ അസഭ്യം പറയുകയും ചെയ്‌തു. ഇത് മുബഷിറിന്‍റെ അനിയൻ റിഷാദിനോട് പറഞ്ഞെങ്കിലും അയാൾ പിടിച്ചുതള്ളി മുഖത്ത് അടിക്കുകയായിരുന്നു. പിന്നാലെ മുബഷിറും റിഷാദും ചേർന്ന് ബേക്കറിയിൽ എത്തുകയും കത്തി കൊണ്ട് ആക്രമിക്കുകയുമായിരുന്നു എന്നും റമീസ് പരാതിയിൽ പറയുന്നു.
അതേസമയം പരാതിയിൽ പറയുന്ന റിഷാദ് സംഭവം നിഷേധിച്ചു. തങ്ങളെയാണ് റമീസ് ആക്രമിക്കാൻ ശ്രമിച്ചതെന്നും ചേട്ടനുമായുള്ള പ്രശ്‌നങ്ങൾ പറഞ്ഞു തീർക്കാൻ ബേക്കറിയിലേക്ക് വിളിച്ച് കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു എന്നും റിഷാദ് പറയുന്നു. തടുക്കാൻ ശ്രമിച്ചപ്പോൾ കൈക്ക് വെട്ടേറ്റു. സംഭവം അറിഞ്ഞ് ബേക്കറിയിൽ എത്തിയ ജ്യേഷ്‌ഠൻ മുബഷീറിനെയും റമീസ് ആക്രമിച്ചെന്നും ഇതിനിടെയാണ് മറ്റുള്ളവർക്ക് പരിക്കേറ്റതെന്നും റിഷാദ് പറയുന്നു.
അതേസമയം സംഭവത്തിൽ എടവണ്ണ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമത്തിൽ പരിക്കേറ്റവർ എടവണ്ണ ഇഎംസി ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും, മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ആരുടേയും പരിക്ക് ഗുരുതരമല്ല.