മലപ്പുറം:കോട്ടക്കൽ പുത്തനത്താണി രണ്ടത്താണി മേഖലകളിൽ ചില്ലറ കഞ്ചാവ് വിൽപ്പനക്കാർക്ക് ആന്ധ്രയിൽ നിന്നും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ കണ്ണികൾ പിടിയിൽ. രണ്ടത്താണി സ്വദേശി അപ്പക്കാട്ടിൽ ഫൈസൽ (24) ,ആതവനാട് പറമ്പൻ വീട്ടിൽ റഷീദ് (47), അനന്താവൂർ ചിറ്റകത്ത് മുസ്തഫ (42) എന്നിവരാണ് കുറ്റിപ്പുറം എക്സൈസിന്‍റെ പിടിയിലായത്.
മലപ്പുറത്ത് കഞ്ചാവ് വേട്ടയിൽ മൂന്നു പേർ പിടിയിൽ. ആവശ്യക്കാരെന്ന വ്യാജേന കിലോവിന് ഇരുപത്തിയയ്യായിരം രൂപ നിരക്കിൽ കച്ചവടമുറപ്പിച്ചാണ് എക്സൈസ് സംഘം പ്രതികളെ പിടികൂടാൻ എത്തിയത്. കഞ്ചാവുമായെത്തിയ സംഘം എക്സൈസുകാരെ തിരിച്ചറിഞ്ഞു രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൂന്ന് പേരെ പിടികൂടുകയായിരുന്നു. ഇവരിൽ നിന്നും നാലര കിലോ കഞ്ചാവും പതിനേഴായിരം രൂപയും മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.
കഞ്ചാവ് കടത്താനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഘത്തിലെ പ്രധാനിയായ പൂവൻചിന സ്വദേശി പെൽപ്പത്ത് വീട്ടിൽ സക്കീബ് (24) എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. യുവാക്കളെ ഉപയോഗിച്ച് കോട്ടക്കൽ കേന്ദ്രീകരിച്ച് ജില്ലയിലേക്ക് ട്രെയിൻ മാർഗം കഞ്ചാവ് കടത്തുന്നതിന് ഇരുപതോളം യുവാക്കൾ സക്കീബിന് കീഴിലുണ്ട്. ഇയാൾ അഡ്മിനായ ഫുൾ ഓണ്‍ ഫുൾ പവർ എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പ് എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ഗ്രൂപ്പിൽ നിന്നും സംഘത്തിനെ കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചിരുന്നു.
കഞ്ചാവ്കാർക്കിടയിൽ ഡോൺ എന്ന് വിളിപ്പേരുള്ള ഈ ഇടനിലക്കാരന്റെ കൈകളിലൂടെ മാസം തോറും കിലോകണക്കിന് കഞ്ചാവ് ജില്ലയിലേക്ക് ഒഴുകുന്നുണ്ട്. ഒരു മാസം മുമ്പ് കുറ്റിപ്പുറത്ത് പിടികൂടിയ 25 കിലോ കഞ്ചാവ് എത്തിച്ചതിൽ ഇയാളുടെ പങ്ക് അന്വേഷിച്ച് വരികയാണ്.
സ്ത്രീ പീഡന കേസുൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് പറമ്പൻ റഷീദ്. ഓടിപ്പോയ പ്രതിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായും ഉടൻ പിടികൂടുമെന്നും എക്സൈസ് ഇൻസ്പെക്ടർ ജിജി പോൾ അറിയിച്ചു. പ്രതികളെ വടകര എൻഡിപിഎസ് കോടതി മുൻപാകെ ഹാജരാക്കും.