കോഴിക്കോട്:പയ്യോളി അയനിക്കാട് പോക്സോ കേസ് പ്രതിയുടെ വീട് അഗ്നിക്കിരയാക്കി. അയനിക്കാട് താരേമ്മൽ സ്വദേശി മജീദിന്‍റെ (44) വീടിനാണ് തീയിട്ടത്. വെള്ളിയാഴ്‌ച അർധ രാത്രിയോടെ ആണ് സംഭവം. അതേസമയം സംഭവത്തിന് പിന്നിൽ ആരാണ് എന്ന കാര്യം ഇതുവരെ കണ്ടെത്താനായിട്ടില്ല.
പോക്‌സോ കേസിൽ അറസ്റ്റിലായതിന് പിന്നാലെ പ്രതിയുടെ വീടിന് തീയിട്ടു; അന്വേഷണം ആരംഭിച്ച് പൊലീസ് - പോക്‌സോ
മുത്തശ്ശിക്കൊപ്പം കഴിയുന്ന പത്താം ക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചതിന് പിടിയിലായ താരേമ്മൽ സ്വദേശി മജീദിന്‍റെ വീടിനാണ് തീയിട്ടത്
അടുത്ത വീട്ടിൽ മുത്തശ്ശിക്കൊപ്പം കഴിയുന്ന പത്താം ക്ലാസുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് നാട്ടുകാർ ഇയാളെ പിടികൂടിയത്. രാത്രി എട്ട് മണിയോടെയാണ് സംഭവം. തുടർന്ന് ഇയാളെ പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പിന്നാലെ രാത്രി പന്ത്രണ്ടരയോടെയാണ് വീട് അഗ്നിക്കിരയായത്.
നാട്ടുകാർ ചേർന്ന് വീടിന് തീയിട്ടു എന്നാണ് പൊലീസ് സംശയിക്കുന്നത്. ഓടുകൾ പൊട്ടിത്തെറിക്കുന്ന ശബ്‌ദം കേട്ട് അയൽവാസികളാണ് പൊലീസിലും ഫയർഫോഴ്‌സിലും വിവരമറിയിച്ചത്. വിവാഹിതനായ മജീദ് ഇപ്പോൾ തനിച്ചാണ് താമസിക്കുന്നത്. പയ്യോളി പൊലീസ് സ്റ്റേഷനിലുള്ള മജീദിനെ ഇന്ന്(24.09.2022) കോടതിയിൽ ഹാജരാക്കും.